ആലപ്പുഴ: സ്‌കൂൾ അവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാഹചര്യമില്ലാത്ത സർക്കാർ ബാലമന്ദിരങ്ങളിലെ കുട്ടികളെ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കുന്ന ഫോസ്റ്റർ കെയർ പദ്ധതിക്ക് ജില്ലയിൽ അടുത്തആഴ്ച തുടക്കമാകും. എന്നാൽ, മുതിർന്ന കുട്ടികളിൽ പലരും മാറി താമസിക്കാൻ താത്പര്യം കാണിക്കാത്തത് അധികൃതർക്ക് തലവേദനയായിട്ടുണ്ട്. ഇവർക്ക്
കൗൺസലിംഗ് നൽകി പ്രശ്‌നം പരിഹരിക്കാനാണ് പുതിയ ശ്രമം.
കുടുംബത്തിലെ സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം സർക്കാർ അനാഥാലയങ്ങളിൽ നിൽക്കുന്ന പല കുട്ടികളും സ്‌കൂൾ അവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാറുണ്ട്. ഇത്തരത്തിൽ പോകാൻ സാഹചര്യമില്ലാത്തതും രോഗങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ അലട്ടാത്തതുമായ കുട്ടികളെയാണ് പദ്ധതി പ്രകാരം നിശ്ചിത കാലയളവിലേക്ക് വിട്ടു നൽകുന്നത്.
മാറി താമസിക്കാൻ വൈമുഖ്യം
1. പതിനെട്ട് വയസ് വരെയുള്ളവരെ നിയമപ്രകാരം അയക്കാനാകുമെങ്കിലും, മുതിർന്ന കുട്ടികൾ വിമുഖത പ്രകടിപ്പിച്ചതിനാൽ നാല് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികളെയാണ് കഴിഞ്ഞ വർഷവും പദ്ധതിയുടെ ഭാഗമാക്കിയത്
2.കുട്ടികളെ വളർത്താൻ തയ്യാറായി 24 അപേക്ഷകളാണ് ഇതുവരെ വനിതാശിശുവികസന വകുപ്പിന് ലഭിച്ചിട്ടുള്ളത്
3.ജില്ലയിലെ സർക്കാർ ബാലമന്ദിരങ്ങളിൽ നിന്ന് ഏഴ് കുട്ടികളെയാണ് പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിട്ടുള്ളത്
അപേക്ഷകൾ: 24
കുട്ടികൾ : 7
മടങ്ങുംവരെ പരിചരണം
ജീവശാസ്ത്രപരമായ കുടുംബത്തിലേക്ക് മടങ്ങിവരുന്നതുവരെ കുട്ടിയുടെ ശാരീരിക കസ്റ്റഡി പരിചരണമാണ് ഫോസ്റ്റർ കെയർ പദ്ധതി ലക്ഷ്യമാക്കുന്നത്. ദത്തെടുക്കലിന് നിയമപരമായി സ്വാതന്ത്ര്യമില്ലാത്ത കുട്ടികളെയും അസുഖം, മരണം, മാതാപിതാക്കളിൽ ഒരാളുടെ ഉപേക്ഷിക്കൽ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിസന്ധികൾ കാരണം മാതാപിതാക്കൾക്ക് പരിപാലിക്കാൻ കഴിയാത്തതുമായ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. മാതാപിതാക്കൾക്ക് കുട്ടിക്ക് മേലുള്ള അവകാശം നഷ്ടപ്പെടില്ല. കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോൾ കുട്ടിയെ സ്വന്തം കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാം. വിവാഹിത ദമ്പതികൾ, കുട്ടിയുടെ കുടുംബത്തിലെ അംഗങ്ങൾ, ഏക രക്ഷകർത്താവ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ഫോസ്റ്റർ കെയർ പദ്ധതി വഴി അപേക്ഷ സമർപ്പിക്കാം.
യോഗ്യരായിരിക്കണം
അപേക്ഷകരുടെ വീട്, ചുറ്റുപാട്, വരുമാനം, ആരോഗ്യം എന്നിവ ചെൽഡ് വെൽഫെയർ കമ്മിറ്റി പരിശോധിച്ച് യോഗ്യരെന്ന് ബോദ്ധ്യപ്പെടുന്നവർക്ക് മാത്രമാണ് കുട്ടികളെ കരാർ പ്രകാരം വിട്ടുനൽകുക. വർണ്ണ വിവേചനമടക്കമുള്ള സാഹചര്യങ്ങളെ ഒഴിവാക്കാനുള്ള വിലയിരുത്തലുകളുണ്ടാവും. കുട്ടികളുടെ താത്പര്യം പരിഗണിച്ച് അവർക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കു. കുട്ടിയുടെയും അപേക്ഷകരുടെയും താത്പര്യപ്രകാരം കരാർ കാലാവധി നീട്ടാനും സാധിക്കും. മക്കളില്ലാത്ത ദമ്പതികളാണ് അപേക്ഷകരിൽ അധികവും.
മുതിർന്ന കുട്ടികൾക്ക് പരിചയമില്ലാത്ത വീട്ടിലേക്ക് മാറുന്നതിനോട് താത്പര്യക്കുറവുണ്ട്.
അപേക്ഷകരെ വ്യക്തമായി പഠിച്ച ശേഷമേ കുട്ടികളെ വിട്ടു നൽകു
- വനിതാശിശുവികസന
വകുപ്പ് അധികൃതർ