
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെ മാവേലിക്കര മണ്ഡലത്തിൽ പ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. എട്ടാം തവണയും ലോക്‌സഭയിലേക്ക് വിജയക്കൊയ്ത്തിനിറങ്ങിയ സിറ്റിംഗ് എം.പി കൊടിക്കുന്നിൽ സുരേഷിനെ പിടിച്ചുകെട്ടാൻ സി.പി.ഐ ഇത്തവണ പുതുമുഖവും യുവപോരാളിയുമായ അഡ്വ. സി.എ. അരുൺ കുമാറിനെയാണ് രംഗത്തിറക്കിയത്. ബി.ജെ.പിക്കും ഈഴവ സമുദായത്തിനും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ആധിപത്യമുറപ്പിക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ ബൈജു കലാശാലയും കച്ചമുറുക്കിയതോടെ ഇത്തവണ മത്സരം കടുക്കുമെന്ന് തീർച്ച.
പ്രീ പോൾ സർവേകളിൽ പലതിലും ഇടതുമുന്നണിക്ക് വിജയവും മുന്നേറ്റ സാദ്ധ്യതയും പ്രവചിച്ചിരിക്കെ കൊണ്ടുപിടിച്ചുള്ള പ്രവർത്തനത്തിലൂടെ ജനവിധി തങ്ങൾക്ക് അനുകൂലമാക്കാനുള്ള അക്ഷീണ യത്നത്തിലാണ് മുന്നണികൾ. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. ഭൂമിശാസ്ത്രം പോലെതന്നെ വൈവിദ്ധ്യം നിറഞ്ഞതാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും വ്യത്യസ്‌ത രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മാവേലിക്കര.
സമുദായം
പ്രധാനം
കഴിഞ്ഞ 15 വർഷമായി കോൺഗ്രസ് കുത്തകയാക്കിയ മാവേലിക്കരയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണി ഭരണത്തിലാണ്. മൂന്ന് സംസ്ഥാന മന്ത്രിമാരും മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. എൻ.എസ്.എസ് ആസ്ഥാനമായ ചങ്ങനാശേരിയും കത്തോലിക്കാ സഭയുടെ രൂപതകളും വിവിധ ക്രൈസ്‌തവ സഭകളുടെ ഭദ്രാസനങ്ങളും വിശ്വകർമ്മ സഭയുടെ ആസ്ഥാനവും ഉൾപ്പെടുന്ന മാവേലിക്കരയുടെ ജനവിധിയിൽ അതുകൊണ്ടുതന്നെ സമുദായ സംഘടനകളുടെ ശക്തിയും സ്വാധീനവും ചെറുതല്ല.
2009 മുതൽ 2019 വരെ തുടർച്ചയായി മൂന്നു തവണ കൊടിക്കുന്നിൽ സുരേഷ് ലോക്‌സഭയിൽ മാവേലിക്കരയെ പ്രതിനിധീകരിച്ചെങ്കിലും ഇടതിനോട് അയിത്തമുള്ളതായി കാണാനാകില്ല. 2004-ൽ പ്രമുഖ കോൺഗ്രസ് നേതാവും സിറ്റിംഗ് എം.പിയുമായ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തി സി.എസ്. സുജാതയെ ലോക്‌സഭയിലേക്ക് അയച്ചതും ഇവിടെ നിന്നാണ്. സംസ്ഥാനത്ത് സി.പി.ഐയ്ക്ക് നൽകിയിട്ടുള്ള നാല് മണ്ഡലങ്ങളിൽ മുന്നണി വിജയ പ്രതീക്ഷ പുലർത്തുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്ന് മാവേലിക്കരയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയും ലോക്‌സഭയിലെ സീനിയർ അംഗങ്ങളിലൊരാളുമായ കൊടിക്കുന്നിലിനെ നേരിടാൻ അരുൺ കുമാറിനെ നിയോഗിച്ചതും ഇതുകൊണ്ടാണ്.
കാർഷിക
പ്രശ്നങ്ങൾ
ഒന്നര പതിറ്റാണ്ടായി കൊടിക്കുന്നിൽ തന്നെ മാറിയും തിരിഞ്ഞും മാവേലിക്കരയിൽ മത്സരിക്കുന്നത് അണികൾക്കൊപ്പം വോട്ടർമാരിലും മടുപ്പിനും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്നാണ് ഇടതു നിരീക്ഷണം. എം.പിയെന്ന നിലയിൽ മണ്ഡലത്തിലെ സാന്നിദ്ധ്യക്കുറവും വികസന രംഗത്തെ മുരടിപ്പുമെല്ലാം ഇക്കുറി ജനവിധി തങ്ങൾക്ക് അനുകൂലമാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇവർ.
കേന്ദ്ര സർക്കാരിനെതിരായ വിധിയെഴുത്തെന്ന നിലയിൽ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. അതേസമയം, കർഷക ആത്മഹത്യ ഉൾപ്പെടെയുളള വിഷയങ്ങൾ കുട്ടനാടുൾപ്പെടുന്ന മാവേലിക്കരയിൽ ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന് കണക്കുക്കൂട്ടുന്നവരുമുണ്ട്. തെങ്ങ്, റബർ, കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകളുടെ വിലത്തകർച്ചയും അഴിമതി ആരോപണങ്ങളും സാമ്പത്തിക പരാധീനതയും ഇടതു മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്ക് കരിനിഴൽ വീഴ്ത്തുന്നുണ്ട്.
പല വമ്പൻ നേതാക്കളെയും യുവനേതാക്കൾ അടിതെറ്റിച്ച ചരിത്രമുള്ള മണ്ഡലം കൂടിയാണ് മാവേലിക്കര. കോൺഗ്രസിന്റെ കരുത്തുറ്റ നേതാവും സിറ്റിംഗ് എം.പിയുമായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കാലിടറിയത് അന്ന് ഏറക്കുറെ പുതുമുഖമായിരുന്ന സി.എസ്. സുജാതയ്ക്കു മുന്നിലാണെന്നത് ശ്രദ്ധേയം. ഈ ചരിത്രം ആവർത്തിക്കുമെന്നാണ് ഇടതു മുന്നണിയുടെ ഉറച്ച വിശ്വാസം.
പദ്ധതിരാഹിത്യം
പണിയാകും
സിറ്റിംഗ് എം.പി, മുതിർന്ന കോൺഗ്രസ് നേതാവ് തുടങ്ങിയ നിലകളിൽ മണ്ഡലത്തിന്റെ മുക്കും മൂലയും വരെ അറിയാവുന്ന കൊടിക്കുന്നിലിന് വോട്ടർമാരുമായുള്ള പരിചയവും അടുപ്പവും ഇക്കുറിയും വിജയ പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. എൻ.എസ്.എസ്. നേതൃത്വത്തിന് കൊടിക്കുന്നിൽ സുരേഷിലുള്ള വിശ്വാസം ഗുണം ചെയ്യുമെങ്കിലും എസ്.എൻ.ഡി.പിയുമായുള്ള അകൽച്ച ബി.ഡി.ജെ.എസിന് വളക്കൂറുള്ള മണ്ഡലത്തിൽ പ്രശ്നമാണ്. രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങൾ വോട്ടിനെ സ്വാധീനിക്കാറുണ്ട്. കാർഷിക മേഖലയിലെ പ്രശ്‌നങ്ങളാണ് വലിയ പ്രതിസന്ധി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മണ്ഡലത്തിൽ ആവശ്യത്തിന് കേന്ദ്ര പദ്ധതികളില്ലെന്ന പോരായ്മ ഇവയൊക്കെ തിരഞ്ഞെടുപ്പിൽ നിർണായക ഘടകങ്ങളാണ്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നത്തിന്റെ പേരിലാണെങ്കിൽപ്പോലും വോട്ട് വിഹിതം നന്നായി വർദ്ധിപ്പിക്കാനായ എൻ.ഡി.എയ്ക്ക് ഇത്തവണ അത് കുറയാതെ നോക്കുന്നതിനൊപ്പം, ഇരുമുന്നണികളുടെയും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന നിർണായക ശക്തിയായി മാറേണ്ടതുണ്ട്. അതേസമയം, ബി.ജെ.പിക്ക് നല്ല വോട്ട് ബാങ്കുള്ള മണ്ഡലം ബി.ഡി.ജെ.എസിന് കൈമാറിയതിൽ വിയോജിപ്പുള്ള ബി.ജെ.പി പ്രവർത്തകരുമുണ്ട്. ഇതൊക്കെ ഏതൊക്കെ നിലയിൽ സ്വാധീനിക്കുമെന്നത് നിർണായകമാണ്.