
പൂച്ചാക്കൽ : പൊരിവെയിലും പേമാരിയുമൊന്നും അംഗപരിമിതനായ രമേശന് ഒരുതടസമേയല്ല. ഉറച്ച മനസാന്നിദ്ധ്യത്തിൽ ലോട്ടറിയുമായി രാവിലെതന്നെ പൂച്ചാക്കൽ ടൗണിലെത്തും. രാവിലെ 10മണി, 60ടിക്കറ്റ് എന്നതാണ് രമേശന്റെ കണക്ക്. കൈയിലെ ടിക്കറ്റുകൾ തീർന്നാലുടൻ സ്ഥലംവിടും. പാണാവള്ളി 10-ാം വാർഡ് കൊച്ചുപെണ്ണും വെളിവീട്ടിൽ രമേശന്റെ അന്നം തേടുയുള്ള യാത്രയ്ക്ക് ഇരുപത്തിനാല് വർഷത്തിന്റെ നിഷ്ഠയുണ്ട്.
ഇരുകാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ട രമേശൻ, അഞ്ചുമാസം മുമ്പ് വരെ കൈകൊണ്ട് കറക്കുന്ന മുച്ചക്രം വണ്ടിയിലായിരുന്നു യാത്ര. പഴക്കംകൊണ്ട് ഉപയോഗ ശൂന്യമായതോടെ സുമനസുകൾ സമ്മാനിച്ചതാണ് ഇപ്പോഴത്തെ ബാറ്ററിയിലോടുന്ന വാഹനം.
ഇതിന് മേൽക്കൂരയില്ലാത്തത് കൊണ്ട് പൊരിവെയിലത്താണ് ലോട്ടറികച്ചവടം. വെയിലേറ്റ് വാടിയ രമേശനെ കണ്ടാൽ ആരിലും അനുകമ്പയുണ്ടാകും. തന്നേക്കാൾ ആരോഗ്യമുള്ള അംഗപരിമിതർ ഭിക്ഷയെടുത്തും അന്യരെ ആശ്രയിച്ച് ജീവിക്കുമ്പോൾ അദ്ധ്വാനിച്ച് വീടിന് കൈത്താങ്ങാവുകയാണ് ഈ 54 കാരൻ. അർഹതയില്ലാത്തത് ആഗ്രഹിക്കുകയോ, സ്വീകരിക്കുകയോ ചെയ്യില്ലെന്നതാണ് രമേശന്റെ നിലപാട്. എന്നാൽ, കഴിഞ്ഞ ആറുമാസമായി ടിക്കറ്റ് മുഴുവൻ വിറ്റുതീരുന്നില്ലെന്ന നിരാശ രമേശനുണ്ട്. മുമ്പ് നാല് പേർ മാത്രമാണ് ടൗണിൽ വിൽപ്പക്കാരായിട്ടുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ 26 പേർ ആയതാണ് കാരണമെന്നും അദ്ദേഹം പറയുന്നു. അവിവാഹിതയായ ഇളയ സഹോദരി ശാന്തയും ജേഷ്ഠസഹോദരന്റെ കുടുംബവും ഒന്നിച്ചാണ് രമേശന്റെ താമസം.