kattu

വള്ളികുന്നം: വള്ളികുന്നത്ത് വീണ്ടും കാട്ടുപന്നിശല്യം. വള്ളികുന്നം നാലാം വാർഡിൽ പടയണിവെട്ടം ക്ഷേത്രത്തിന് സമീപം വിമുക്ത ഭടനായ ശിവൻകുട്ടിനായരുടെ വാഴത്തോട്ടത്തിലെ വാഴത്തൈകൾ കാട്ടുപന്നി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ഡസനോളം വാഴത്തൈകളാണ് കാട്ടുപന്നി കുത്തിമറിച്ചത്. വള്ളികുന്നം അഞ്ചാംവാർഡിൽ അഞ്ജനത്തിൽ പൊന്നപ്പന്റെ മരച്ചീനി കൃഷിയും കഴിഞ്ഞദിവസം കാട്ടുപന്നി കൂട്ടത്തോടെ നശിപ്പിച്ചിരുന്നു.വള്ളികുന്നം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിക്കൂട്ടങ്ങളുടെ ശല്യം തുടങ്ങിയിട്ട് മാസങ്ങളായി. കാഞ്ഞിരത്തിൻമൂട് ,​ കാർത്ത്യായനിപുരം,​ ചിറയ്ക്കൽ,​ പുത്തൻ ചന്ത,​ പള്ളിമുക്ക് ,​ കടുവിനാൽ പ്രദേശങ്ങളിൽ ഒട്ടനവധിപേരുടെ പച്ചക്കറികളും തെങ്ങുകളും വെറ്റിലകൃഷിയും പന്നികളുടെ ആക്രമണത്തിൽ നശിച്ചു.കൃഷി നാശത്തിന് നഷ്ടപരിഹാരം തേടി കർഷകർ കൃഷി ഓഫീസിനെ സമീപിച്ചെങ്കിലും കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനം വകുപ്പാണ് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതെന്നാണ് ‌കർഷകർക്ക് ലഭിച്ച മറുപടി. പ്രദേശത്ത് രൂക്ഷമായ പന്നിശല്യത്തെപ്പറ്റി വനം വകുപ്പിനെ അറിയിക്കാനോ കൃഷി നാശം തിട്ടപ്പെടുത്തി കർഷകർക്ക് നഷ്ടപരിഹാരം നൽകാനോ പഞ്ചായത്ത്- റവന്യൂ തലങ്ങളിലും നടപടികളില്ലെന്നാണ് കർഷകരുടെ ആരോപണം.വേനൽക്കാലത്ത് കനാലുകൾ തുറന്ന് വിട്ടതിന് പിന്നാലെയാണ് വള്ളികുന്നംപ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമായത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും തമ്പടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ കൂട്ടമായിറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്. പ്രദേശത്തെ പല ക്ഷേത്രങ്ങളിലും ഉത്സവങ്ങൾ നടക്കുന്നതിനിടെ രാത്രി ഉത്സവ പരിപാടികൾ കാണാനും കെട്ടുകാഴ്ചകൾ ഒരുക്കാൻ പോകുന്നവരും പന്നികളെ ഭയന്ന് സഞ്ചരിക്കേണ്ട സ്ഥിതിയാണ്.

.......................................

''സമീപ പഞ്ചായത്തായ താമരക്കുളത്ത് കൃഷി നാശത്തിനിടയാക്കിയ പന്നിക്കൂട്ടത്തെ വെടിവച്ചുകൊന്നതുപോലെ വള്ളികുന്നത്തും വെടിവയ്ക്കാൻ ഷൂട്ടറുമായി ധാരണയിലെത്തിയിട്ടുണ്ട്. പന്നികൾ ക്യാമ്പ് ചെയ്യുന്ന സ്ഥലങ്ങൾ തിരിച്ചറിയാൻ കഴിയാത്തതാണ് വെടിവയ്ക്കുന്നതിന് തടസം

- ജെ. രവീന്ദ്രനാഥ്,​ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,വള്ളികുന്നം ഗ്രാമ പഞ്ചായത്ത്