ആലപ്പുഴ : നാട്ടിൽ മാമ്പഴക്കാലമാണെങ്കിലും വിപണിയിൽ വിലസുന്നത് അന്യദേശമാങ്ങകൾ. പണ്ട് സുലഭമായിരുന്ന തത്തച്ചുണ്ടൻ, മൂവാണ്ടൻ, കോട്ടുക്കോണം തുടങ്ങിയ നാടൻ ഇനങ്ങൾ ഇപ്പോൾ കിട്ടാനില്ല. പകരം ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നീലം, സേലം, പ്രിയൂർ, കർപ്പൂരം, മൽഗോവ, മല്ലകി, സിന്ദൂരം, അൽഫോൻസ എന്നീ ഇനങ്ങളാണ് ജില്ലയിലെ വിപണിയിൽ സുലഭമായി കിട്ടുന്നത്. മാമ്പഴങ്ങളിൽ നിറം, രുചി, വലിപ്പം എന്നിവ വച്ച് ഒന്നാം സ്ഥാനത്താണ് മൽഗോവ. തമിഴ്‌നാട്ടിലും ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വളർത്തുന്ന ഒരു പ്രധാന ഇനം മാമ്പഴമാണ് ഇത്.
സംസ്ഥാനത്ത് നാടൻ മാങ്ങയുടെ ഉത്പാദനം കുറഞ്ഞത് മറുനാടൻ മാങ്ങകളുടെ വരവ് വർദ്ധിക്കാനിടയാക്കി. കനത്തചൂടും മഴകിട്ടാത്തതുമാണ് നാടൻ മാമ്പഴത്തിന് തിരിച്ചടിയായത്. ചിലയിടങ്ങളിൽ ഇപ്പോഴും മാങ്ങ പാകമാകാത്ത അവസ്ഥയുണ്ട്. ഈ മാസത്തോടെ മാമ്പഴവിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മറുനാടൻ മാമ്പഴത്തിന് കിലോയ്ക്ക് 150 മുതൽ 280രൂപ വരെയാണ് വില.
'തല്ലിപ്പഴുപ്പിക്കുന്നവയെ' കരുതണം
1.പാകമാകാത്ത മാങ്ങകൾ കാത്സ്യംകാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കും
2.ഇത്തരം മാങ്ങകൾക്ക് താരതമ്യേന വില കുറവാണെങ്കിലും ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണ്
3.കൃത്രിമമായി പഴുപ്പിക്കുന്ന ഫലങ്ങളുടെ ഉപയോഗം കാൻസർ പോലുള്ള മാരകരോഗങ്ങളിലേക്ക് നയിക്കും
4.പഴങ്ങളിലടങ്ങിയ രാസവസ്തുവിന്റെ അളവ് അനുസരിച്ചാണ് രോഗലക്ഷണം പ്രകടമാകുക
5.ക്ഷീണം, തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്നം എന്നിവയ്ക്ക് കാത്സ്യം കാർബൈഡ് ഉപയോഗം കാരണമാകും
6. ഭാവിയിൽ അന്നനാളം, വൻകുടൽ, കരൾ എന്നിവിടങ്ങളിൽ കാൻസറിനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
മറുനാടൻ താരങ്ങൾ
തമിഴ്നാട് : നീലം, സിന്ദൂരം, മൽഗോവ പഞ്ചവർണം
ആന്ധ്രാപ്രദേശ് : സപ്പോട്ട, റുമാനിയ, പ്രിയൂർ, ബംഗനപ്പള്ളി
മാങ്ങവില (കിലോയ്ക്ക് രൂപയിൽ)
മൂവാണ്ടൻ............140
സിന്ദൂരം................150
പോളച്ചിറ.............280
പിയൂർ...................240
കാത്സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങകൾ വിപണിയിൽ വില്പന നടത്തുന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് കർശന നടപടി സ്വീകരിക്കും.
- ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ