ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10ന് പ്രകടനത്തോടെ ആലപ്പുഴ ടൗൺ ഹാളിന് സമീപത്ത് നിന്ന് പുറപ്പെട്ട് 11 മണിക്ക് ജില്ലാ കളക്ടറേറ്റിൽ വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫും നാളെ പത്രിക സമർപ്പിക്കും.
ദേവാലയങ്ങൾ
സന്ദർശിച്ച് കെ.സി
അരൂരിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ഇന്നലെ പര്യടനം ആരംഭിച്ചത്. ഉച്ചയോടെ ആലപ്പുഴ ജില്ലാ കോടതിയിലെത്തി എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. ശേഷം മുൻ എം.എൽഎ പി.ജെ.ഫ്രാൻസിസിനെ വീട്ടിൽ സന്ദർശിച്ചു. ചേർത്തല, ആലപ്പുഴ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പര്യടനം. കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ട്രാൻസ്ജെൻഡർ വിഭാഗക്കാർ വോട്ട് തേടിയിറങ്ങി. ചേർത്തല കളവംകോടം, കുട്ടത്തിവീട്, അമ്പലംഭാഗം, കൊറ്റംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവർ പ്രചരണം നടത്തിയത്. സമൂഹം തങ്ങളെ ഇന്ന് അംഗീകരിക്കുന്നുണ്ടെങ്കിൽ അതിൽ കെ.സിയെ പോലുള്ള നേതാക്കളുടെ പങ്ക് വലുതാണെന്ന് പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകിയ കേരള പ്രദേശ് ട്രാൻസ്ജന്റർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരി അരുണിമ പറഞ്ഞു. കേരള പ്രദേശ് ട്രാൻസ്ജൻഡർ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുൽഫി മെഹർജാൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വോട്ടഭ്യർത്ഥന. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് ഭാഗങ്ങളിലും വോട്ട് തേടിയെത്തുമെന്ന് ഇവർ പറഞ്ഞു.
കടലാക്രമണം
കണ്ട് ശോഭ
അമ്പലപ്പുഴ വളഞ്ഞവഴി അയോദ്ധ്യനഗറിലെയും നീർക്കുന്നത്തെയും പുറക്കാട് പുത്തൻ നടയിലെയും കടലാക്രമണമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ ഇന്നലെ പ്രചരണം ആരംഭിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിലെത്തി അക്കൗണ്ട് ആരംഭിച്ചു. വൈകിട്ട് ചെട്ടികുളങ്ങരയിൽ നടന്ന മണ്ഡലം കൺവെൻഷൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ചലച്ചിത്ര താരവുമായ ദേവൻ പങ്കെടുത്തു. ആലപ്പുഴയിലെ കടലാക്രമണത്തെ കുറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിനെ വിമർശിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു.
പുഷ്പഹാരങ്ങൾ
ഏറ്റുവാങ്ങി ആരിഫ്
വിവിധയിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് പ്രചരണം നടത്തിയത്. ആലപ്പുഴ വഴിച്ചേരി മാർക്കറ്റിലായിരുന്നു ആദ്യ സ്വീകരണം.ടി.ജെ.ആഞ്ചലോസ് ബൂത്ത് തല സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തു. ബാപ്പു വൈദ്യർ ജംഗ്ഷൻ, തുമ്പോളി ജംഗ്ഷൻതുടങ്ങിവിവിധകേന്ദ്രങ്ങളിലെസ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെട്ടികാട് മരിയെഗൊരേത്തി പള്ളിക്ക് സമീപത്തെ സ്വീകരണ സമ്മേളനത്തോടെ ഇന്നലത്തെപര്യടനം സമാപിച്ചു. ഇളനീർ, വിവിധ പഴങ്ങൾ നിറച്ച പഴക്കൂട തുടങ്ങിയവ നൽകിയും, പുഷ്പഹാരങ്ങൾ, ഷാളുകൾ അണിയിച്ചും പടക്കം പൊട്ടിച്ചുമാണ് വിവിധ കേന്ദ്രങ്ങളിൽ സ്വീകരിച്ചത്.