
കായംകുളം: ഡയാലിസിസ് ടെക്നീഷ്യൻമാരുടെ ഒഴിവ് നികത്താത്തതിനെത്തുടർന്ന് കായംകുളം ഗവ.ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിന്റെ എണ്ണം കുറച്ചത് രോഗികൾക്ക് തിരിച്ചടിയാകുന്നു. ടെക്നീഷ്യൻമാരുടെ കുറവ് കാരണം ഒരു ടൈം സ്ളോട്ട് ക്യാൻസൽ ചെയ്തതോടെ ദിവസവും 14 പേരുടയ ഡയാലിസിസ് മുടങ്ങി.
ഇവിടുത്തെ ഡയാലിസിസ് സെന്ററിൽ നാല് ടൈം സ്ളോട്ടുകളാണ് ഉണ്ടായിരുന്നത്. ഒരു സമയം 14 പേർ വെച്ച് ഒരു ദിവസം 56 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയുമായിരുന്നു. ഇപ്പോൾ മൂന്ന് ഷിഫ്റ്റുകളിലായി 42 രോഗികൾക്ക് മാത്രമാണ് ഡയാലിസിസ് നടത്തുന്നത്. നിലവിലെ ജീവനക്കാർ അവധിയെടുത്താൽ അതും മുടങ്ങും.
കായംകുളം നഗരസഭയും ആശുപത്രി അധികൃതരും വികസന സമിതിയും കൂട്ടായി നിയമിക്കേണ്ട ടെക്നീഷ്യൻമാരുടെ ലിസ്റ്റ് തയ്യാറാക്കിയെങ്കിലും നിയമനം നടത്തിയില്ല. അഴിമതി നടത്തുവാൻ വേണ്ടിയാണ് നിയമനം വൈകിക്കുന്നതെന്ന ആരോപണവും നിലനിൽക്കുന്നു.
വലയുന്നത് നിർദ്ധനരോഗികൾ
പാവങ്ങൾക്ക് കൈത്താങ്ങാകുവാനാണ് ഇവിടെ ഡയാലിസിസ് സെന്റർ സ്ഥാപിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വലിയ തുക വേണ്ടിവരും
ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസ് നടത്തേണ്ടവർക്ക് വലിയ തുക ചെലവാകും
നിർദ്ധനരോഗികളാണ് കായംകുളം ഗവ.ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനെ ആശ്രയിക്കുന്നത്
42
ഇപ്പോൾ മൂന്ന് ഷിഫ്റ്റുകളിലായി 42 രോഗികൾക്ക് മാത്രമാണ് ഡയാലിസിസ് നടത്തുന്നത്
ഇന്റർവ്യൂ നടത്തി ലിസ്റ്റ് തയ്യാറാക്കിയെങ്കിലും സബ് കമ്മിറ്റി വിളിച്ചുകൂട്ടി അംഗീകാരം നൽകാൻ നഗരസഭാ ഭരണാധികാരികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നഗരസഭ ലക്ഷകണക്കിന് രൂപ ചിലവഴിച്ചാണ് ഈ സംവിധാനം ഉണ്ടാക്കിയെങ്കിലും പടലപ്പിണക്കം കാരണം നടപടികൾ നിഷ്ഫലമായി .
- സി.എസ് ബാഷ,യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ