ആലപ്പുഴ: കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ ജനം ക‌ടുത്ത ദുരിതത്തിൽ. നെൽപ്പാടങ്ങളിൽ നിന്ന് പുറന്തള്ളുന്ന മലിനജലം കലർന്ന വെള്ളമാണ് ഭൂരിഭാഗം പ്രദേശങ്ങളിലും ഉപയോഗിക്കുന്നത്. പൈപ്പുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ലഭിക്കുന്ന കുടിവെവെള്ളം പാചകത്തിനു പോലും തികയുന്നില്ല. കുട്ടനാടിന്റെ പേരിൽ ശുദ്ധജല പദ്ധതിയുണ്ടെങ്കിലും ഇതിന്റെ ഗുണം കുട്ടനാട്ടുകാർക്ക് കിട്ടുന്നില്ല. നീരേറ്റുപുറം ശുദ്ധീകരണ പ്‌ളാന്റിനു പുറമേ 26 കുഴൽക്കിണറുകളിൽ നിന്നുമായി രണ്ട് കോടി ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെന്നാണ് ജല അതോറിട്ടിയുടെ അവകാശവാദം.

ചങ്ങനാശേരി, തിരുവല്ല പ്രദേശങ്ങളിലാണ് കുട്ടനാട് പദ്ധതിയിലെ വെളളം കിട്ടുന്നത്. തോടുകളിലും ആറുകളിലും ജലനിരപ്പ് താഴ്ന്നതിനാൽ കുളിക്കാനും കുടിക്കാനും പൈപ്പ് വെള്ളം തന്നെയാണ് ആശ്രയം. വാഹനങ്ങളിൽ എത്തുന്ന വില്പനക്കാരിൽ നിന്ന് ലിറ്ററിന് ഒരുരൂപ നിരക്കിലാണ് വീട്ടാവശ്യത്തിനുള്ള വെള്ളം വിലക്ക് വാങ്ങുന്നത്.

പദ്ധതികൾ പലത്, ഒന്നും ഉപകാരപ്പെടുന്നില്ല

1.കൈനകരി തെക്ക്, വടക്ക്, പുളിങ്കുന്ന്, കാവാലം, വെളിയനാട്, തലവടി, മുട്ടാർ, രാമങ്കരി, നീലംപേരൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം

2.പഴയ 26കുഴൽക്കിണറുകൾ ഉണ്ടെങ്കിലും അവ പലതും പ്രവർത്തന സജ്ജമല്ല. മൂന്നു പതിറ്റാണ്ടു മുമ്പ് സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ കാലപ്പഴക്കത്തിൽ തകർന്നിരിക്കുകയാണ്

3.ഈ പൈപ്പിലൂടെ പമ്പിംഗ് നടത്തുന്നതിനാൽ പകുതി വെള്ളം പോലും ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. പരിഹാര ശ്രമവുമില്ല. ഓവർ ഹെഡ് ടാങ്കുകളിൽ പമ്പിംഗ് കൃത്യമായി നടക്കാത്തതും ഒരു കാരണമാണ്

4. നദീജലം ശുദ്ധീകരിച്ച് കുട്ടനാട്ടിൽ കുടിവെളളമെത്തിക്കാൻ രൂപംകൊടുത്ത പദ്ധതി പൂർണ്ണതയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

ശുദ്ധജലം വള്ളത്തിലോ വാഹനങ്ങളിലോ മുടക്കം കൂടാതെ എത്തിക്കാൻ പഞ്ചായത്തുകൾ തയ്യാറാകണം. ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി വൈകിയാണ് പലസ്ഥലങ്ങളിലും പൈപ്പ് വെള്ളം കിട്ടുന്നത്

-പത്മാക്ഷി, രാമങ്കകരി

"കുളിക്കുന്നതിനും തുണികൾ കഴുകുന്നതിനും സമീപത്തുകൂടി ഒഴുകുന്ന പമ്പ ആറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പൊതുടാപ്പിൽ നിന്ന് ലഭിക്കുന്ന കുടിവെള്ളം ഒരാഴ്ചത്തേക്ക് തികയില്ല

- പ്രസാദ്, വെളിയനാട്