ആലപ്പുഴ : ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കുമ്പോഴും അംഗബലമില്ലാതെ കുഴയുകയാണ് ആലപ്പുഴയിലെ റെയിൽവേ സുരക്ഷാസേന. ആയിരക്കണക്കിന് യാത്രക്കാരും ഡസൻ കണക്കിന് ട്രെയിനുകളും നിത്യേന വന്നുപോകുന്ന, വിനോദ സഞ്ചാരികളുടെ ഇഷ്ട നഗരംകൂടിയായ ആലപ്പുഴയിൽ ഒരു ടേണിൽ ഡ്യൂട്ടിയ്ക്കുള്ളത് പരമാവധി രണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥരാണ്.

കടപ്പുറം ഗേറ്റ് മുതൽ ഇ.എസ്.ഐ ആശുപത്രി ഗേറ്റ് വരെ രണ്ട് കിലോമീറ്ററോളം വരുന്നതാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനും പരിസരവും. ഒരു സി.ഐയുടെ നേതൃത്വത്തിൽ 4 എസ്.ഐമാരും 17 പൊലീസുകാരും ഉൾപ്പെട്ടതാണ് ആലപ്പുഴ ആർ.പി.എഫ്. ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലുള്ള സ്റ്റേഷനായിട്ടും രണ്ട് പതിറ്റാണ്ട് മുമ്പുള്ള സ്റ്റാഫ് പാറ്റേണാണ് ഇവിടെയുള്ളത്. 17 ആർ.പി.എഫുകാരെ എട്ടുമണിക്കൂർ വീതമുള്ള മൂന്ന് ടേണുകളിലായി നിയോഗിക്കുമ്പോൾ കഷ്ടിച്ച് ലീവും ഓഫും കഴിച്ച് കഷ്ടിച്ച് നാലുപേരെയാണ് ഒരു ടേണിൽ പലപ്പോഴും ലഭിക്കുക. വൈകുന്നേരം 7 മുതൽ പുലർച്ചെവരെയാണ് കൂടുതൽ പേരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുക. രാത്രിയിൽ കൊല്ലം, എറണാകുളം ഭാഗങ്ങളിലേക്കുള്ള പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകളിൽ പട്രോളിംഗ്, എസ് കോർട്ട് ഡ്യൂട്ടികൾക്കാണ് ഇവരെ നിയോഗിക്കുന്നത്. പകൽ സമയത്ത് കഷ്ടിച്ച് രണ്ടുപേരെയാണ് മൂന്ന് പ്ളാറ്റ് ഫോമുകളുള്ള ആലപ്പുഴയിൽ ഡ്യൂട്ടിക്ക് ഇടാൻ കഴിയുക. ഇതിനിടെ സ്റ്റേഷൻ ഡ്യൂട്ടി, കോടതി, മറ്റ് അത്യാവശ്യ സേവനങ്ങൾ, റെയിൽവേ കൺട്രോൾ റൂമിൽ നിന്നുള്ള സന്ദേശങ്ങളിലെ അന്വേഷണം തുടങ്ങിയ ചുമതലകളും നിർവഹിക്കേണ്ടതുണ്ട്. ആലപ്പുഴവരെയുള്ള ധൻബാദ് എക്സ്പ്രസിൽ കഞ്ചാവ് കടത്തും കൂടുതലാണ്. ആലപ്പുഴയെത്തിയാലുടൻ ട്രെയിൻ നിരീക്ഷണത്തിലാക്കുന്ന ആർ.പി.എഫിന് കിലോക്കണക്കിന് കഞ്ചാവാണ് ഈ ട്രെയിനിൽ നിന്ന് പിടികൂടാനായത്.

പാഞ്ഞെത്താൻ ജീപ്പുപോലുമില്ല

 അമ്പലപ്പുഴയ്ക്കും ആലപ്പുഴയ്ക്കും മദ്ധ്യേട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവ് സംഭവമാണ്.

 പ്രശ്നമേഖലകളിൽ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ പിക്കറ്റ് ഡ്യൂട്ടി ഇപ്പോഴും തുടരുകയാണ്

 ജീവനക്കാർക്ക് നേരെ ആക്രമണമുണ്ടാകുന്നതിനാൽ റെയിൽവേ ഗേറ്റുകളിലും ആർ.പി.എഫ് നിരീക്ഷണമുണ്ട്

 ജീപ്പില്ലാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം വാഹനങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ

പ്രതിദിന വരുമാനം : 10 ലക്ഷംരൂപ

സർവീസുകൾ : പ്രതിദിന ശരാശരി 25 ട്രെയിനുകൾ

യാത്രക്കാർ : 1500-2000

ജീവനക്കാർ : 150