അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യയിൽ പങ്കുകൊള്ളാനെത്തിയത് ആയിരങ്ങൾ.

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.അജിത്ത് കുമാർ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. 6വരികളിലായി 500 ഇലകളിൽ ചോറും കറികളും വിളമ്പി. പതിനാറുകൂട്ടം കറികളും അഞ്ചു കൂട്ടം പ്രഥമനും നാലുകൂട്ടം പഴങ്ങളും പപ്പടവും നാലുകൂട്ടം ഉപ്പേരിയും ഉൾപ്പെടെ 44 ഇനങ്ങളാണ് സദ്യയിൽ വിളമ്പിയത്. ഊണ് പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ ഭക്തർ വഞ്ചിപ്പാട്ടും പാടി എഴുന്നേറ്റ് പരസ്പരം ചോറും കറികളും വാരിയെറിഞ്ഞു. തുടർന്ന് വഞ്ചിപ്പാട്ടുപാടി ക്ഷേത്രത്തിനു പടിഞ്ഞാറെ നടയിലുള്ള പുത്തൻകുളം വരെ പോയി മടങ്ങി .ദേവസ്വം അധികൃതരും പൊലിസും പണക്കിഴിയും പഴക്കുലയും നൽകി.

തുടർന്ന് ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവൽ ദർശനം നടത്തിയതോടെ ചടങ്ങുകൾക്ക് സമാപനമായി. വില്വമംഗലം സ്വാമിയാർ ഭഗവദ് ദർശനത്തിന് ക്ഷേത്രത്തിൽ എത്തിയപ്പോൾ ശ്രീകോവിലിൽ ഭഗവാനെ കാണാതെ പരിഭ്രാന്തനായെന്നും ഈസമയം മണിക്കിണറിനു തെക്കുവശത്തുള്ള നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യയിൽ നെയ്യ് വിളമ്പുന്ന ഭഗവാനെ കണ്ടതായാണ് ഐതിഹ്യം. ആനന്ദചിത്തനായ സ്വാമിയാർ കണ്ണാ എന്നു വിളിച്ച് ഓടി അടുത്തപ്പോൾ ഭഗവാൻ ഓടിമറഞ്ഞു. വില്വമംഗലവും മറ്റുള്ളവരും പിന്നാലെ പാഞ്ഞു. ഈ ഐതീഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് നാടകശാലസദ്യ ആണ്ടുതോറും നടത്തു​ന്നത്.