
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഒമ്പതാം ഉത്സവനാളിൽ അമ്പനാട്ട് പണിക്കന് കിഴക്കെ നടയിൽ സ്വീകരണം നൽകി. കട്ടക്കുഴി അമ്പനാട്ട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു ഇപ്പോഴത്തെ അമ്പനാട്ട് പണിക്കൻ ശശിധര പണിക്കർ (74) അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് എത്തിയത്. ദേവസ്വം ജീവനക്കാരും ഉപദേശക സമിതി അംഗങ്ങളും ചേർന്ന് അമ്പനാട്ട് പണിക്കനും കുടുംബാംഗങ്ങൾക്കും സ്വീകരണം നൽകി. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോട് ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് ഒമ്പതാം ഉത്സവദിവസം വൈകിട്ടു നടക്കുന്ന അമ്പനാട്ടു പണിക്കന്റെ വരവ്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ ഉണ്ണിരവിക്ക് ചെമ്പകശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കർ സ്ഥാനം. അമ്പലപ്പുഴ രാജാവ് നൽകിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കന്റെ പിൻമുറക്കാർ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്. ക്ഷേത്രത്തിലെ പ്രത്യേക മുറിയിൽ വിശ്രമിച്ച് വേലകളിയും കണ്ടശേഷമാണ് ഇവർ മടങ്ങുന്നത്.