
ആലപ്പുഴ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ സഖാവ് പി.കൃഷ്ണപിള്ളയുടെ പിൻതലമുറക്കാരൻ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. കൃഷ്ണപിള്ളയുടെ സഹോദരി ഗൗരി അമ്മയുടെ ചെറുമകനായ ആലപ്പുഴ പഴവീട് പത്മാലയത്തിൽ പി.ജയകൃഷ്ണനാണ് മത്സരിക്കുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വേണമെന്ന ചിന്തയിലാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജയകൃഷ്ണൻ വ്യക്തമാക്കി.പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മിലിട്ടറിയിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്ന ജയകൃഷ്ണൻ വി.ആർ.എസ് എടുത്താണ് മത്സരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങി ഓണക്കിറ്റടക്കം ഔദാര്യം പോലെ വിതരണം ചെയ്യുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ജയകൃഷ്ണൻ പറയുന്നു. ജനത്തിന്റെ നന്മ മാത്രം ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കപ്പെടണമെന്ന ആശയം പ്രചരിപ്പിക്കാനാണ് മത്സരിക്കുന്നത്. അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പരേതനായ പി.പത്മനാഭൻ നായരാണ് ജയകൃഷ്ണന്റെ പിതാവ്. അമ്മ :ലീല.പി.നായർ. ബംഗളൂരുവിലുള്ള ഭാര്യ :സിന്ധു, മക്കളായ സിദ്ധാർത്ഥ്, ശ്രീഹരി എന്നിവർ വോട്ടെടുപ്പിന് മുമ്പ് നാട്ടിലെത്തും.