ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ ഇന്നലെ ആറ് പേർ നാമനിർദേശ പത്രിക നൽകി. ബി.ജെ.പി സ്ഥാനാർത്ഥിയായി തൃശൂർ മണലിത്തറ സ്വദേശി കണ്ടൻപുള്ളി വീട്ടിൽ കെ.കെ.ശോഭന (ശോഭ സുരേന്ദ്രൻ), സ്വതന്ത്ര സ്ഥാനാർത്ഥിയായി ആലപ്പുഴ പഴവീട് സ്വദേശി ശ്രീസിദ്ധിൽ പി.ജയകൃഷ്ണൻ, ബഹുജൻ ദ്രാവിഡ പാർട്ടി സ്ഥാനാർത്ഥിയായി ചേർത്തല പട്ടണക്കാട് സ്വദേശി കൊച്ചുതറ വീട്ടിൽ രാജീവൻ, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയായി വണ്ടാനം നീർക്കുന്നം സ്വദേശി നടുവിലെ വീട്ടിൽ അർജുനൻ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മണ്ണഞ്ചേരി കേളംപറമ്പിൽ ജ്യോതി എബ്രഹാം, സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരുവനന്തപുരം തുരുവിക്കൽ സ്വദേശി ഭാവനയിൽ കെ.എം.ഷാജഹാൻ എന്നിവരാണ് പത്രിക നൽകിയത്. മണ്ഡലത്തിൽ ഇതുവരെ ഏഴ് പേരാണ് നാമനിർദേശ പത്രിക നൽകിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 10ന് നെഹ്റു ഭവനിൽ നിന്നും യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വെള്ളക്കിണർ വഴി പ്രകടനമായി കളക്ടറേറ്റിൽ എത്തും. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫ് രാവിലെ 11ന് പത്രിക സമർപ്പിക്കും. ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് പ്രകടനത്തോടെയാണ് കളക്ടറേറ്റിലെത്തുക.
മാവേലിക്കര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സി.എ അരുൺകുമാർ ചെങ്ങന്നൂർ ആർ. ഡി.ഒ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു . മന്ത്രിമാരായ കെ.എൻ ബാലഗോപാൽ , പി.പ്രസാദ്,സജി ചെറിയാൻ , ജോബ് മൈക്കിൾ എം.എൽ.എ എന്നിവരും കൂടെ ഉണ്ടായിരുന്നു . രാവിലെ ചെങ്ങന്നൂരിലെ കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫിസിൽ നിന്ന് എൽ.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക സമർപ്പണത്തിനെത്തിയത് .യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും
എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയും ഇന്ന് പത്രിക നൽകും.