photo-1

ചാരുംമൂട് : കടുത്ത വേനലിൽ വെള്ളം വറ്റിത്തുടങ്ങുന്നതോടെ കിണർ വൃത്തിയാക്കൽ നാട്ടിൻപുറത്തെ മിക്ക വീടുകളിലും പതിവാണ്. പലരും അനായാസം ചെയ്യുന്ന പണിയാണിതെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ അപകടവും വിളിപ്പുറത്തുണ്ട്.

കിണർ വൃത്തിയാക്കുവാൻ ഇറങ്ങുന്നവർ ഓക്സിജന്റെ കുറവ് മൂലം അപകടത്തിൽപ്പെടുകയോ ചിലപ്പോഴെങ്കിലും മരണം സംഭവിക്കുകയോ ചെയ്യാറുണ്ട്. പരിചയമില്ലാത്തതും അപകട സാധ്യത അറിഞ്ഞിട്ടും വീണ്ടും ഇറങ്ങാൻ ശ്രമിക്കുന്ന

തുമൊക്കെയാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നത്. കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയാൽ സുരക്ഷിതമായി ജോലി പൂർത്തിയാക്കാൻ കഴിയും.

ദീർഘകാലമായി തൊട്ടി ഉപയോഗിച്ച് വെള്ളംകോരാതെ കിടക്കുന്ന കിണറുകളിൽ കെട്ടിക്കിടക്കുന്ന പായലുകളും ഇലകളും അഴുകി പുറം തള്ളുന്ന മീഥേൻ , ഹൈഡ്രജൻ സൾഫൈഡ് മുതലായ വിഷവാതകങ്ങൾ ശ്വാസതടസം ഉണ്ടാകുവാനും മരണം സംഭവിക്കുവാനും ഒരു പ്രധാന കാരണമാണ്. കരി ( കാർബൺ ) ഉണ്ടാക്കുന്ന ഓലച്ചൂട്ട്, കടലാസുകൾ പോലെയുള്ള വസ്തുക്കൾ കത്തിച്ച് കിണറ്റിൽ ഇറങ്ങിയാൽ കാർബൺ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകുകയും ജീവന് അപകടം സംഭവിക്കുകയും ചെയ്യാം.

ഓക്സിജൻ ഉറപ്പാക്കണം

1.ഒരു മെഴുകുതിരി കത്തിച്ച് തൊട്ടിയിൽ വെച്ച് കിണറിനുള്ളിൽ ഇറക്കി ഓക്സിജൻ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക ( മെഴുകുതിരി അണഞ്ഞാൽ ഒക്സിജന്റെ അളവ് കുറവായിരിക്കും)

2. കിണറിലെ വെള്ളത്തിലേക്ക് തൊട്ടി ഇടിച്ചിറക്കി വെള്ളം കോരുകയും വെള്ളം കിണറിലേക്ക് തളിക്കുകയും ചെയ്യുക

3. ഫാൻ ഇറക്കി വായു സഞ്ചാരം ഉണ്ടാക്കുകയോ ബ്ലോവർ ഉപയോഗിച്ച് വായു വലിച്ചു പുറത്തേക്ക് കളയുകയോ ചെയ്യുക.

4. ഒരു കയർ മുകളിൽ നിന്നും കെട്ടി ഇറക്കി അതിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുക

5. മദ്യപിച്ചോ മറ്റ് ലഹരികൾ ഉപയോഗിച്ചോ ഒരു കാരണവശാലും കിണറ്റിൽ ഇറങ്ങാതിരിക്കുക.

വി. വിനോദ് കുമാർ ,സ്റ്റേഷൻ ഓഫീസർ

ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ അടൂർ

കിണറിനുള്ളിൽ നിന്ന് എന്തെങ്കിലും ഗന്ധം അനുഭവപ്പെട്ടാൽ ആ കിണറിൽ യാതൊരു കാരണവശാലും ഇറങ്ങരുത്. താഴേക്ക്‌ പോകുമ്പോൾ ശ്വാസതടസം ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യാനുമുള്ള സാധ്യതയുണ്ടാകും

- ബാലാജി, കിണർ നിർമ്മാണ കരാറുകാരൻ