
പണം കിട്ടാനുള്ളത് 10000ഓളം ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക്
ആലപ്പുഴ : സംസ്ഥാനത്ത് മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിന് തുടക്കമായിട്ടും കഴിഞ്ഞ വർഷം മൂല്യനിർണ്ണയം നടത്തിയതിന്റെ വേതനം ഇനിയും ലഭിക്കാതെ ഒരു വിഭാഗം ഹയർ സെക്കൻഡറി അദ്ധ്യാപകർ. വിവിധ ജില്ലകളിലെ പതിനായിരത്തിൽപ്പരം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി അദ്ധ്യാപകർക്കാണ് പണം ലഭിക്കാനുള്ളത്.
എല്ലാവർക്കുമുള്ള വേതനം നൽകാൻ പന്ത്രണ്ട് കോടി രൂപയോളം വേണ്ടിവരും. ഒരു വർഷം പിന്നിട്ടിട്ടും പണം നൽകാൻ തയാറാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകളുടെ പൊതു വേദിയായ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പ്രതിഷേധസമരം നടത്തി. ഒരു പേപ്പർ മൂല്യനിർണയം നടത്തുന്നതിന് എട്ട് രൂപയാണ് വേതനം. രാവിലെ 15 പേപ്പറും ഉച്ചയ്ക്ക് ശേഷം 15 പേപ്പറും നോക്കണം.
ജില്ലയിൽ നാല് ക്യാമ്പുകളിലും പ്രതിഷേധമുണ്ടായി. പ്രതിഷേധ സമരം എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വർഗ്ഗീസ് പോത്തൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്. എസ്. എസ്.ടി.എ ജില്ല പ്രസിഡൻറ് ഡി.സുനിൽ കുമാർ, ബി.രാധാകൃഷ്ണൻ, എം.മഹേഷ്, എം.ഷഹീർ, മുഹമ്മദ് ഫൈസൽ, ഗീത കുമാരി, വാണി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കുടിശിക നൽകാൻ വേണം 12 കോടി
നൽകാനുള്ളത് 2023 ഏപ്രിലിലെ മൂല്യനിർണയ വേതനം
സേ പരീക്ഷാ മൂല്യ നിർണയ വേതനം
ഇംപ്രൂവ്മെന്റ് മൂല്യ നിർണയ വേതനം
ഒരാൾക്ക് പ്രതിദിനം 240 രൂപയാണ് നൽകേണ്ടത്
മൊത്തം കുടിശിക നൽകാൻ വേണ്ടത് 12 കോടി
30
ഒരു ദിവസം നോക്കേണ്ടത് 30 പേപ്പറുകൾ
അന്ന് ക്യാമ്പുകളിൽ
മുമ്പ് ക്യാമ്പുകളിൽ തന്നെ അവസാനദിനം പണം നൽകി വിടുന്നതായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി അദ്ധ്യാപകർക്ക് അക്കൗണ്ട് വഴിയാണ് പണം നൽകുന്നത്. എന്നാൽ, എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തുന്ന അദ്ധ്യാപകർക്ക് കഴിഞ്ഞവർഷവും ക്യാമ്പിൽ പണം അനുവദിച്ചിരുന്നു.
പരീക്ഷാ ചെലവുകളുടെ തുക പോലും വകമാറ്റി ചെലവഴിക്കുന്നത് പ്രതിഷേധാർഹമാണ്. കുട്ടികളിൽ നിന്ന് പിരിച്ചെടുത്ത ഈ വർഷത്തെ പരീക്ഷാ ഫീസും പരീക്ഷാ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടില്ല. അദ്ധ്യാപകർക്ക് ലഭിക്കേണ്ട ന്യായമായ വേതനം ലഭിക്കും വരെ സമരപരിപാടികൾ തുടരാനാണ് തീരുമാനം
- എസ്.മനോജ്, എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി