
ആലപ്പുഴ : രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അട്ടിമറികളിലൊന്നിലെ നായകനായ, കോൺഗ്രസിലെ അഡ്വ.പി.ജെ.ഫ്രാൻസിസിന് ഇന്ന് 87ാം വയസിലും അത്ഭുതമാണ് 1996ലെ മാരാരിക്കുളം നിയമസഭാ മണ്ഡലത്തിലെ വിജയം. എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മാരാരിക്കുളത്ത് അന്ന് അടിയറവ് പറയിച്ചത് അതികായനായ വി.എസ്.അച്യുതാനന്ദനെയാണെന്നതാണ് ആ വിജയത്തിലെ ത്രിൽ.
1987,1991വർഷങ്ങളിൽ എൽ.ഡി.എഫിലെ കെ.ആർ.ഗൗരിഅമ്മയോട് അരൂരിൽ പരാജയപ്പെട്ട ഫ്രാൻസിസിന് പാർട്ടി നൽകിയ ലാസ്റ്റ് ചാൻസായിരുന്നു 1996ലെ തിരഞ്ഞെടുപ്പ്.
പ്രവർത്തന മണ്ഡലമായ ആലപ്പുഴയാണ് പ്രതീക്ഷിച്ചത്. എന്നാൽ, പാർട്ടിപറഞ്ഞത് മാരാരിക്കുളത്ത് മത്സരിക്കാൻ. നേതാക്കളായ എ.കെ.ആന്റണിയും കെ.എസ്.വാസുദേവശർമ്മയും വീട്ടിൽ എത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷമത്തോടെയെങ്കിലും അത് സ്വീകരിച്ചു. എന്നാൽ, സി.പി.എമ്മിലെ വിഭാഗീയത അനുകൂലമായി മാറുന്നതാണ് പിന്നീട് കണ്ടത്. പ്രചാരണത്തിന് എതിരാളികളുടെ അത്രയും പണം ചെലവഴിക്കാനുമില്ലായിരുന്നു. വിജയം ഉറപ്പിച്ചെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് നേതാക്കൾ അറിയിച്ചപ്പോൾ വിശ്വസിക്കാനായില്ല. 1965വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടിയ കാഴ്ച ഇന്നും മനസിൽ മായാതെയുണ്ട് . അന്ന് എൽ.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു വി.എസ്.അച്യുതാനന്ദൻ.
മണ്ഡലം രൂപീകൃതമായശേഷം1996ന് മുമ്പ് ഒരുതവണയാണ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയിലെ പ്രൊഫ. എ.വി.താമരാക്ഷനായിരുന്നു യു.ഡി.എഫിൽ നിന്നുള്ള വിജയി. 2011ൽ എൽ.ഡി.എഫിലെ തോമസ് ഐസകിനോട് പരാജയപ്പെട്ടതോടെ പി.ജെ.ഫ്രാൻസിസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. പിന്നീട് മണ്ഡല പുനർനിർണയത്തിൽ മാരാരിക്കുളവും ഇല്ലാതായി.