ആലപ്പുഴ : ആവേശത്തിരയിളക്കി ആലപ്പുഴയിൽ ഇടതു, വലതുമുന്നണി സ്ഥാനാർത്ഥികളും മാവേലിക്കരയിൽ യു.ഡി.എഫ് , എൻ.ഡി.എ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആലപ്പുഴ നെഹ്രുഭവന് മുന്നിൽ നിന്ന് നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലും ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്ന് പ്രകടനമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫും കളക്ടർക്ക് മുന്നിലെത്തി നാമനിർദേശപത്രിക നൽകി. കെ.സി.വേണുഗോപാലാണ് ആദ്യം പത്രികസമർപ്പിച്ചത്.
കെ.സി. വേണുഗോപാലിന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചും പ്ലക്കാർഡ് പിടിച്ചും വർണങ്ങൾ വാരിവിതറിയും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ. എം.ലിജു, മുസ്ലിംലീഗ് ജില്ലപ്രസിഡന്റ് എ.എം.നസീർ, മുൻ എം.പി ഡോ. കെ.എസ് മനോജ്, കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്, എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപദാസ് മുൻഷി, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, ജെബി മേത്തർ എം.പി, യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ. ബി.രാജശേഖരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് രാജസ്ഥാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി അസ്ബാഖിന്റെ ഉമ്മ സുബൈദയാണ്.
തൊട്ടുപിന്നാലെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയത്. വരണാധികാരിയായ കലക്ടർ അലക്സ് വർഗീസ് മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മുൻമന്ത്രി ജി.സുധാകരൻ, സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനാണ് ആരിഫിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത, മന്ത്രി സജി ചെറിയാൻ, സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, യു.പ്രതിഭ, ദലീമ ജോജാ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വേരി, വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ശോഭാസുരേന്ദ്രൻ പത്രിക സമർപ്പിച്ചിരുന്നു.
മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ ജി. നിർമ്മൽ കുമാർ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് കൊടിക്കുന്നിൽ എത്തിയത്.
കെ.പി.സി.സി സെക്രട്ടറിമാരായ എം.മുരളി, അഡ്വ. കോശി.എം. കോശി,അഡ്വ. എബി കുരിയാക്കോസ്, കൊല്ലം ഡി സി.സി പ്രസിഡന്റ് പി,രാജേന്ദ്ര പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. എസ് ജ്യോതിസ്, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ, ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ, അഡ്വ. പന്തളം പ്രതാപൻ,
രാജി പ്രസാദ്, രാധാകൃഷ്ണമേനോൻ,ബി. കൃഷ്ണകുമാർ, ഗോപൻ ചെന്നിത്തല തുടങ്ങിയവർ
പങ്കെടുത്തു.