ആലപ്പുഴ : ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ കൈവശം പണമായുള്ളത് പതിനായിരം രൂപ. ഭാര്യയുടെ കൈവശം 5000 രൂപയുമുണ്ട്. നാർമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തുവിവരത്തിലാണ് ഇക്കാര്യമുള്ളത്. ഭൂമിയും കെട്ടിടങ്ങളുമടക്കം വേണുഗോപാലിന്റെ പേരിൽ 26 ലക്ഷം രൂപയുടെ സ്വത്തുണ്ട്. ഭാര്യയുടെ പേരിൽ 2.13 കോടി രൂപയുടെ സ്വത്തും 2.72 ലക്ഷം രൂപയുടെ വായ്പയുമുണ്ട്.

60.50 ലക്ഷം രൂപയുടെ നിക്ഷേപം കെ.സിക്കുണ്ട് . 12.20 ലക്ഷം രൂപ വിലവരുന്ന 2010 മോഡൽ ഇന്നോവയും 5.80 ലക്ഷം രൂപ വില വരുന്ന എത്തിയോസുമാണ് വാഹനങ്ങൾ. 50000 രൂപയുടെ സ്വർണവും പക്കലുണ്ട്. ഭാര്യയുടെ പേരിൽ 46 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. മകന്റെ പേരിൽ 9.32 ലക്ഷം രൂപ വരുന്ന 2019 മോഡൽ ഫോർഡ് ഫ്രീസ്‌റ്റൈൽ കാറും മകളുടെ പക്കൽ 1.52 ലക്ഷം രൂപയുടെ സ്വർണമടക്കം 7.44 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ട്.

ആരിഫിന് 11.67 ലക്ഷത്തിന്റെ ബാദ്ധ്യത

എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ കൈവശം പണമായുള്ളത് 12000 രൂപയാണ്. വിവിധ ബാങ്കുകളിലും ട്രഷറിയിലുമടക്കം 28 ലക്ഷത്തോളം രൂപയുടെ നിക്ഷേപവും. 24 ലക്ഷംരൂപ വിലയുള്ള ജീപ്പ് ന്യൂ കോമ്പസാണ് വാഹനം. ഭാര്യ കെ.എ.ഷെഹനാസ് ബീഗത്തിന്റെ കൈവശം 18000 രൂപയും മകൻ സൽമാൻ വശം ആയിരം രൂപയും മകൾ റിസ്വാനക്ക് 500 രൂപയും പണമായി കൈയിലുണ്ട്. ഭാര്യയ്ക്ക് സ്വർണാഭരണങ്ങളുമടക്കം 30 ലക്ഷം രൂപയുടെ നിക്ഷേപവും 8.5 ലക്ഷം രൂപ വിലയുള്ള 2016 മോഡൽ ഹോണ്ട ജാസും 55000 രൂപ വിലയുള്ള ഹോണ്ട ആക്ടിവയും ഉണ്ട്. 49 ലക്ഷം രൂപ മൂല്യമുള്ള വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ, 12ലക്ഷം രൂപയുടെ പാർപ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്നിവ ആരിഫിന്റെ പേരിലുണ്ട് . ആരിഫിന് ഫെഡറൽ ബാങ്കിൽനിന്നെടുത്ത 11.67 ലക്ഷം രൂപയുടെ ബാദ്ധ്യതയുള്ളപ്പോൾ ഭാര്യയ്ക്ക് 41.49 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. മകന്റെ പേരിൽ 7.7 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുമുണ്ട്.

ശോഭയുടെ പേരിൽ 65.25 ലക്ഷത്തിന്റെ ഭൂമി
എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ കൈവശം 10000 രൂപയും ഭർത്താവ് സുരേന്ദ്രന്റെ കൈവശം 15000വും മക്കളായ ഹരിലാലിന്റെ കൈവശം 15,000 രൂപയും യദുലാൽ വശം 10000 രൂപയുമുണ്ട്. ശോഭയുടെ പേരിൽ വിവിധ ബാങ്കുകളിലായി 43550 രൂപയുടെ നിക്ഷേപമാണുള്ളത്. അദാനി എന്റർപ്രൈസസിൽ 200 ഓഹരികളുണ്ട്. ഇതിന്റെ നിലവിലെ മൂല്യം 607800 രൂപയാണ്. ശോഭയുടെ പേരിൽ 20 ലക്ഷം രൂപയുടെ കാർ, ഭർത്താവിന്റെ പേരിൽ മാരുതി സ്വിഫ്റ്റ് കാർ, മകന്റെ പേരിൽ ഹോണ്ട മോട്ടോർ സൈക്കിൾ, ശോഭയുടെ കൈവശം 64 ഗ്രാം സ്വർണം, ഭർത്താവിന് 1.10 ലക്ഷം വിലമതിക്കുന്ന സ്വർണം, ശോഭയുടെ പേരിൽ 65.25 ലക്ഷത്തിന്റെ ഭൂമി, ഭർത്താവിന്റെ പേരിൽ 7.30 ലക്ഷത്തിന്റെ സ്വത്തുക്കൾ എന്നിവയുണ്ട്. ശോഭയ്ക്ക് വിവിധ ബാങ്കുകളിലായി 2633097 രൂപയുടെ ബാദ്ധ്യതയുമുണ്ട്.