ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികൾ നൽകാനുള്ള സി- വിജിൽ ആപ്പിലൂടെ ജില്ലയിൽ ലഭിച്ചത് 2239 പരാതികൾ. ഇതിൽ 2148 എണ്ണം പരിഹരിക്കുകയും 88 എണ്ണം വിവിധ കാരണങ്ങളാൽ ഒഴിവാക്കുകയും ചെയ്തു. മൂന്ന് എണ്ണം അന്വേഷണത്തിലാണ്. പോസ്റ്റർ, ബാനറുകൾ എന്നിവ സംബന്ധിച്ച പരാതികളാണ് കൂടുതലും ലഭിക്കുന്നത്.
സി- വിജിൽ ആപ്പിൽ പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. ജില്ല കൺട്രോൾ റൂമിലാണ് പരാതി ലഭിക്കുക. ആപ്പിൽ ചിത്രങ്ങൾ എടുക്കാനുള്ള സൗകര്യമുണ്ട്. ഇതുപയോഗിച്ച് എടുക്കുന്ന തത്സമയചിത്രങ്ങൾ മാത്രമേ പരാതിയായി അയക്കാനാവൂ. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.
പൊതുനിരീക്ഷകർ പരാതി സ്വീകരിക്കും
ലോക് സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം, മറ്റ് വിഷയങ്ങൾ എന്നിവ സംബന്ധിച്ചുള്ള പരാതികൾ പൊതു ജനങ്ങൾക്ക് ആലപ്പുഴ മണ്ഡലം പൊതു നിരീക്ഷകൻ പ്രജേഷ് കുമാർ റാണ, മാവേലിക്കര മണ്ഡലം പൊതു നിരീക്ഷകൻ നാരായണ സിംഗ് നേരിട്ട് അറിയിക്കാം. താത്കാലിക ഓഫീസ് കളപ്പുരയിലുള്ള ഗവ. ഗസ്റ്റ് ഹൗസിലാണ്. 104-ാം മുറിയിൽ ആലപ്പുഴ നിരീക്ഷകന്റെ ഓഫീസും 302-ാം മുറിയിൽ മാവേലിക്കര നിരീക്ഷകന്റെ ഓഫീസും പ്രവർത്തിക്കും.
ആലപ്പുഴ പൊതു നിരീക്ഷകൻ പ്രജേഷ് കുമാർ റാണ ഫോൺ: 8547189734. email: prajeshrana613@gmail.com, generalobserveralpy2024@gmail.com. നാരായണ സിംഗ് . ഫോൺ: 8547549734, singh.narayan68@ias.gov.in, generalobservermvk2024@gmail.com.