ആലപ്പുഴ: തോട്ടപ്പള്ളി - വലിയഴീക്കൽ വഴി കരുനാഗപ്പള്ളിയിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സവീസ് നിർത്തലാക്കിയത് തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും തിരിച്ചടിയായി. വലിയഴീക്കൽ പാലം പൂർത്തിയായതോടെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് ആറും ഹരിപ്പാട് ഡിപ്പോയിൽ നിന്ന് നാലും ബസുകൾ ഉൾപ്പെടുത്തി ചെയിൻ സർവീസ് ആരംഭിച്ചത്.
30മിനിട്ട് ഇടവിട്ടാണ് കരുനാഗപ്പള്ളിയിൽ നിന്നും തോട്ടപ്പള്ളിയിൽ നിന്നും സർവീസ് നടത്തിയിരുന്നത്. 10,000 മുതൽ 15,000രൂപ വരെ ഓരോ ബസിനും കളക്ഷൻ ലഭിച്ചിരുന്നു. ചെയിൻ സർവീസ് ആരംഭിച്ചതോടെ തോട്ടപ്പള്ളി - വലിയഴീക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്ക് കളക്‌ഷൻ കുറഞ്ഞു.
രണ്ടുമാസം മുമ്പ് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നുള്ള രണ്ട് ബസുകൾ ആദ്യം പിൻവലിച്ചു. ഇപ്പോൾ റൂട്ടിൽ സർവീസ് നടത്തിയിരുന്ന മുഴുവൻ ബസുകളുടെയും സർവീസ് നിർത്താൻ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് വിഭാഗം നിർദ്ദേശം നൽകി. കിലോമീറ്ററിന് 28രൂപ കളക്ഷൻ ലഭിക്കാത്തതു കൊണ്ടാണ് സർവീസ് നിർത്തലാക്കാനുള്ള തീരുമാനമെന്നാണ് കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നത്.
വലയുന്നത് മത്സ്യത്തൊഴിലാളികൾ
1.വലിയഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് രാവിലെ തൊഴിലാളികൾക്ക് എത്താൻ ഏക ആശ്രയമാണ് തോട്ടപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസ്
2.രാത്രി 7.30ന് തോട്ടപ്പള്ളിയിൽ നിന്നുള്ള അവസാന സർവീസ് ദൂരസ്ഥലങ്ങളിൽ പോയി മടങ്ങിയെത്തുന്ന തൊഴിലാളികൾക്കും ഇതര ജീവനക്കാർക്കും തീരദേശവാസികൾക്കും സൗകര്യമായിരുന്നു. സ്വകാര്യബസുകളുടെ സർവീസ് രാത്രി 7ന് അവസാനിക്കും.
3.സ്വകാര്യ ബസുകൾക്ക് രാവിലെ 5.45മുതൽ രാത്രി 11മണിവരെയാണ് സർവീസിനുള്ള പെർമിറ്റ് അനുവദിച്ചിട്ടുള്ളതെങ്കിലും ഇത് പാലിക്കാറില്ല
സ്വകാര്യ ബസുടമകളും കെ.എസ്.ആർ.ടി.സി, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണ് തീരദേശപാതയിലെ ചെയിൻ സർവീസ് നിർത്തലാക്കിയതിന് പിന്നിൽ. സർവീസ് നിർത്തലാക്കിയതിൽ സമഗ്രമായ അന്വേഷണം നടത്തണം.
- പ്രകാശൻ, മത്സ്യത്തൊഴിലാളി