
മാന്നാർ : പുണ്യ റംസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ മസ്ജിദുകൾ വിശ്വാസികളാൽ നിറഞ്ഞു. നേരത്തെ മസ്ജിദുകളിലെത്തി ഖുർആൻ പാരായണം ചെയ്തും പ്രാർത്ഥകളിൽ മുഴുകിയും അവർ സൃഷ്ടാവിന്റെ പ്രീതിക്കായി തങ്ങളെ സമർപ്പിച്ചു. 'അസ്സലാമു അലൈക യാ ശഹ്റ റമദാൻ'… വികാരനിർഭര സലാം ചൊല്ലി ഇമാമുമാർ പള്ളി മിമ്പറുകളിൽ നിന്ന് അവസാന വെള്ളിയാഴ്ചയിലെ ഖുതുബ നടത്തിയപ്പോൾ വിശ്വാസികൾ വിശുദ്ധ റംസാന് വിട ചൊല്ലി. ഇനിയുമേറെ റംസാനുകളെ വരവേൽക്കാൻ വിധിയുണ്ടാകണേ എന്ന പ്രാർത്ഥനയിൽ മസ്‌ജിദുകളിൽ ഒരുമിച്ച് കൂടിയ ഓരോരുത്തരുടെയും ഉള്ളം പിടഞ്ഞു. തങ്ങളിൽ നിന്ന് നേരത്തെ വിട പറഞ്ഞ് പോയവരുടെ മോക്ഷത്തിനായി അവർ കൈകളുയർത്തി. റംസാൻ വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി തുടർന്നും ജീവിതത്തിൽ കാത്തുസൂക്ഷിക്കാൻ ഇമാമുമാർ വിശ്വാസികളെ ഉണർത്തി. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ഇസ്ലാമിക നിർദ്ദേശം പാലിക്കുന്നതിനായി ഭക്ഷ്യധാന്യങ്ങളുടെ നിർബന്ധ സക്കാത്തായ ഫിത്വർ സക്കാത്തിനെക്കുറിച്ചും ഖുതുബയിൽ ഓർമ്മപ്പെടുത്തലുണ്ടായി.
ഇന്ന് ഇരുപത്തിയേഴാം രാവ്
നന്മകൾക്ക് ആയിരം മാസങ്ങളെക്കാൾ പുണ്യം വാഗ്ദാനമുള്ള 'ലൈലത്തുൽ ഖദ്‌റി'നെ പ്രതീക്ഷിക്കുന്നത് റംസാനിലെ അവസാന പത്തിലെ ഒറ്റയായ ഒരു രാവിലാണ്. അതിൽ ഏറ്റവും സാധ്യത പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവാണ് ഇന്ന്. ഇസ്ലാമികവിശ്വാസപ്രകാരം, ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ് ലൈലത്തുൽ ഖദ്‌ർ അഥവാ നിർണയത്തിന്റെ രാത്രി. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു. അതിനായി ഒരു അദ്ധ്യായം തന്നെ ഖുർആനിൽ മാറ്റിവെച്ചിരിക്കുന്നത് കൊണ്ട് തന്നെ അതിന്റെ പ്രാധാന്യം ഏറുന്നു. ഇന്നത്തെ രാത്രിയിൽ മസ്‌ജിദുകളിലും ഭവനങ്ങളിലും വിശ്വാസികൾ ഉറക്കമൊഴിച്ച് പ്രാർത്ഥനകളിലും ഖുർആൻ പാരായണങ്ങളിലും നിരതരാകും. രാത്രിയിൽ മസ്ജിദുകളിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.