byju

ആലപ്പുഴ: ഉപജീവനമാർഗമായ വരയെയും വർണങ്ങളെയും രാഷ്ട്രീയ ജീവിതത്തിലും ചേർത്തുവയ്ക്കുകയാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രവർത്തകർക്കൊപ്പം ചുവരെഴുതുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

കർഷകകുടുംബത്തിലെ ജീവിത പ്രാരാബ്ദങ്ങൾകാരണം പത്താംക്ളാസ് പഠനശേഷം പെയിന്റിംഗ് ജോലിക്കിറങ്ങിയ ബൈജു ജന്മസിദ്ധമായ കഴിവിലൂടെയാണ് വരയിലേക്കും എഴുത്തിലേക്കുമെത്തിയത്. ദേശീയ പാതയിലെ സീബ്രാക്രോസിംഗുകളും ബോർഡർ ലൈനുകളും വരച്ച് തുടക്കം. പ്രമുഖ ആർട്ടിസ്റ്റ് പരേതനായ രാജൻ വള്ളികുന്നത്തിന്റെ ശിക്ഷണം കൂടിയായപ്പോൾ ബൈജുവിലെ ചിത്രകാരനെ നാടറിഞ്ഞു. മതിലുകളിലും ചുവരുകളിലും സൂപ്പർസ്റ്റാറുകളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പരസ്യവാചകങ്ങൾക്കൊപ്പം ബൈജുവിന്റെ വിരൽത്തുമ്പിൽ നിന്ന് വിരിഞ്ഞു.

നൃത്ത നാടകസംവിധായകനായിരുന്നു പിതാവ് രാജൻ. കലാശാലയെന്ന പേരിൽ നൃത്തനാടക പരിപാടികൾ സംഘടിപ്പിച്ചിരുന്ന പിതാവ് വീടിന്റെ പേരും കലാശാലയെന്നാക്കി. അക്കാലത്ത് ബൈജുവിന്റെ പേരിനൊപ്പം കലാശാലയുണ്ടായിരുന്നില്ല. താമരക്കുളത്ത് ഗ്രാമ പഞ്ചായത്തംഗവും പിന്നീട് പ്രസിഡന്റുമായപ്പോൾ പരിപാടികൾക്ക് ക്ഷണിക്കാനെത്തിയവരാണ് നോട്ടീസിൽ പേരിനൊപ്പം കലാശാലയെന്നു ചേർത്തത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാവേലിക്കരയിൽ ജനവിധി തേടിയിരുന്നു. കോൺഗ്രസ് വിട്ടാണ് ബൈജു ബി.ഡി.ജെ.എസിലേക്കെത്തിയത്.