
ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം പരിചയപ്പെടുത്താൻ വോട്ടവണ്ടിയെത്തും. വോട്ടുവണ്ടി ജില്ല കളക്ടർ അലക്‌സ് വർഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന വോട്ടുവണ്ടിയിൽ കയറി സമ്മതിദായകർക്ക് വോട്ട് ചെയ്തു നോക്കാം. വോട്ടർബോധവത്കരണ പരിപാടിയുടെ (സ്വീപ്പ്) ഭാഗമായാണ് വണ്ടി പര്യടനം നടത്തുന്നത്. ജില്ലയിൽ രണ്ടു വോട്ടുവണ്ടികളാണ് സജ്ജമാക്കിയിട്ടുള്ളത്.
വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം പരിചയപ്പെടുത്തൽ, സെൽഫി പോയിന്റ് എന്നിവ വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്. സ്വീപ്പ് നോഡൽ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുമായ ഫിലിപ്പ് ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി. എസ് രാധേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.