ആലപ്പുഴ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ തിരഞ്ഞെടുപ്പ് വിഷയങ്ങൾ പ്രത്യേകം നിരീക്ഷിക്കുമെന്ന് മാവേലിക്കര മണ്ഡലം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ യോഗേന്ദ്ര ടി.വാക്കറെ വ്യക്തമാക്കി. ജില്ലയിൽ മാദ്ധ്യമ നിരീക്ഷണത്തിനും സർട്ടിഫിക്കേഷനുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന എം.സി.എം.സി സെല്ലിന്റെ പ്രവർത്തനം വിലയിരുത്തുകയായിരുന്നു അദ്ദേഹം. പെയ്ഡ് ന്യൂസ്, പരസ്യങ്ങൾ എന്നിവയ്ക്കൊപ്പം സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണ പരസ്യങ്ങളും കൃത്യമായി നിരീക്ഷിക്കാനും സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം നൽകി.
ബന്ധപ്പെട്ട പത്രവാർത്തകൾ, ദൈനംദിന റിപ്പോർട്ട്, സമിതിയുടെ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശോധിച്ചു. തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറും ജില്ല ഫിനാൻസ് ഓഫീസറുമായ ജി.രജിത, അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.എം. ഫാമിൻ തുടങ്ങിയവർക്കൊപ്പമാണ് ചെലവ് നിരീക്ഷകൻ എത്തിയത്.