ആലപ്പുഴ: ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് മണ്ഡല പര്യടനത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ കൺവൻഷനിലും മണ്ഡലത്തിൽ നിറഞ്ഞു നിന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ഡൽഹിയിലായിരുന്നു.
ശോഭാ സുരേന്ദ്രൻ ഇന്നലെ മുഹമ്മ, ചേർത്തല, പാണവള്ളി, കായംകുളം എന്നിവടങ്ങളിൽ മണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്തു. തുറവൂർ പുത്തൻകാവ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു. കരുമാഞ്ചേരി സെന്റ് ആന്റണീസ് പള്ളിവക കോൺവെന്റ് , ധീവര സഭ ചേർത്തല യൂണിയൻ ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ചു. തുറവൂർ നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം ഉണ്ണികൃഷ്ണൻ മൂസതിനെയും കുടുംബാഗങ്ങളെയും ഓലിക്കര ഇല്ലത്ത് കണ്ട് അനുഗ്രഹം വാങ്ങി. ആദ്യകാല ആർ.എസ്.എസ് നേതാവായിരുന്ന എച്ച്.ജയകുമാറിനെയും സഹോദരനെയും അടിയന്തരാവസ്ഥ തടവുകാരൻ പത്മനാഭനെയും വീട്ടിലെത്തി ആദരിച്ചു. ജയിൽവാസം അനുഭവിച്ചിട്ടുള്ള അന്തരിച്ച അർജുനന്റെ വീട്ടിലെത്തി ബന്ധുക്കളെക്കണ്ട് അനുഗ്രഹം വാങ്ങി. ഇന്ന് മണ്ഡലങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി വ്യക്തികളെ കാണും. വൈകിട്ട് 5ന് കരുനാഗപ്പള്ളി ടൗൺ ക്ളബ്ബ് ഗ്രൗണ്ടിലും 5.30ന് കളർകോട് ജംഗ്ഷനിലും നടക്കുന്ന കൺവെൻഷനുകളിൽ പങ്കെടുക്കും.
എ.എം.ആരിഫിന്റെ ഇന്നലത്തെ പര്യടനം അമ്പലപ്പുഴയിലായിരുന്നു. രാവിലെ ചുങ്കത്ത് നിന്ന് ആരംഭിച്ച പര്യടനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രിയിൽ കഞ്ഞിപ്പാടം കട്ടക്കുഴിയിൽ സമാപിച്ചു. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് കൺവെഷനുകൾ നടക്കും. രാവിലെ 10.30ന് ചേർത്തല, വൈകിട്ട് 3.30ന് ആലപ്പുഴ, 5ന് കായംകുളം എന്നിവിടങ്ങളിലാണ് കൺവെൻഷനുകൾ.
ഇന്നലെ യു.ഡി.എഫ് ബൂത്ത് തല അലോകനം നടത്തി. ഇന്നും ബൂത്ത് തല അവലോകനം നടക്കും. ഡൽഹിലുള്ള കെ.സി.വേണുഗോപാൽ ഇന്ന് രാത്രിയിൽ മടങ്ങിയെത്തും.