
ഹരിപ്പാട്: തീരദേശപാതയിൽ വലിയഴീക്കൽ അഴീക്കോടൻ നഗർ ഭാഗത്ത് കടൽ അടിച്ചു കയറ്റിയ മണൽ വെളളിയാഴ്ചയും നീക്കാനായില്ല. രാവിലെ പി.ഡബ്ല്യൂ.ഡി. അധികൃതർ മണ്ണുമാന്തി യന്ത്രവുമായെത്തിയെങ്കിലും കടലോരം വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ എതിർപ്പുമായെത്തിയതോടെ ജോലി നടന്നില്ല. സുനാമിക്ക് അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെട്ട സ്ഥലമാണിത്. കടലേറ്റത്തെ ചെറുക്കാനുളള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിച്ചത്. പിന്നീട്, ഡെപ്യൂട്ടി തഹസീൽദാർ സിന്ധുമോൾ സ്ഥലത്തെത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവന്റെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി.എസ്. സജീവൻ, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ. ശ്രീകൃഷ്ണൻ, മുൻ ഗ്രാമപ്പഞ്ചായത്തംഗം സി.വി. സന്യാൽ എന്നിവരുമായി കൂടിയാലോചന നടത്തി. തുടർ ചർച്ചകൾ കളക്ടറുടെ സാനിധ്യത്തിൽ താലൂക്ക് ഓഫീസിൽ വെച്ച് നടത്താമെന്ന തീരുമാനത്തിലാണ് കൂടിയാലോചന അവസാനിച്ചത്. മണൽ നീക്കാഞ്ഞതിനാൽ തീരദേശപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല.