
അമ്പലപ്പുഴ: മണലടിഞ്ഞു കയറിയതിനെത്തുടർന്ന് വലിയ ലൈലാൻഡ് വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയായതോടെ,
സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചു നിർമ്മിച്ച തോട്ടപ്പള്ളി ഹാർബർ കാഴ്ചവസ്തുവായി മാറി. കഴിഞ്ഞ ദിവസം പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞതിനാൽ, ലൈലാൻഡ് വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ തൊഴിലാളികൾ ഏറെ പണിപ്പെട്ടു. തോട്ടപ്പള്ളി തുറമുഖം പ്രവർത്തനക്ഷമമായിരുന്നുവെങ്കിൽ വള്ളങ്ങൾ ഇവിടേക്ക് മാറ്റാൻ കഴിയുമായിരുന്നു.
ഫിഷ് ലാന്റിംഗ് സെന്ററായി തുടങ്ങിയ ശേഷം തുറമുഖമായി വകസിപ്പിക്കുകയായിരുന്നു. 2011 ൽ തുറമുഖത്തിന്റെ ആദ്യ ഘട്ട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടന്ന് 3 വർഷം പിന്നിട്ടപ്പോഴേക്കും പ്രവർത്തന രഹിതമായി. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമല്ലാതെ തോട്ടപ്പള്ളി തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം എങ്ങും എത്തിയില്ല. പൊഴിമുഖത്ത് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ തുടക്കത്തിൽ ഐ.ആർ.ഇക്ക് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പിന്നീട് വിവാദമായ കരിമണൽ ഖനനവും തോട്ടപ്പള്ളിയിൽ ആരംഭിച്ചത്. ഇപ്പോൾ ചെറിയ ഡിസ്കോ വള്ളങ്ങൾ മാത്രമാണ് തുറമുഖത്ത് കടക്കുന്നത്.
അശാസ്ത്രീയ നിർമ്മാണം
 തികച്ചും അശാസ്ത്രീയമായ രീതിയിലുള്ള നിർമ്മാണമാണ് തിരിച്ചടിയായതെന്ന് ആക്ഷേപമുയരുന്നു
 ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിർമ്മാണം
 200 ഓളം ലൈലാൻഡ് വള്ളങ്ങൾക്ക് കടക്കാവുന്ന തരത്തിലാണ് തുറമുഖം രൂപകൽപ്പന ചെയ്തത്
 മണലടിഞ്ഞു കയറാതിരിക്കാൻ വടക്ക് ഭാഗത്താരംഭിച്ച പുലിമുട്ട് നിർമാണവും ഇഴഞ്ഞു നീങ്ങുന്നു
1991 ൽ ഫിഷ് ലാന്റിംഗ് സെൻ്റർ നിർമാണം പൂർത്തിയായി
2004 ൽ തുറമുഖ നിർമാണോദ്ഘാടനം നടന്നു
2011 ൽ തുറമുഖത്തിന്റെആദ്യ ഘട്ട നിർമാണം പൂർത്തിയാക്കി
2024 ആയിട്ടും രണ്ടാംഘട്ട വികസനം എങ്ങുമെത്തിയില്ല
നിർമ്മാണ ചെലവ് : 15 കോടി
തോട്ടപ്പള്ളി ഹാർബറിൽ മണൽ അടിഞ്ഞുകൂടുന്നതിനാൽ വള്ളങ്ങൾക്ക് യഥേഷ്ടം ഹാർബറിനകത്തേക്കോ പുറത്തേക്കോ കടക്കാനാകാത്ത സ്ഥിതിയാണ്. ഇതു മൂലം കി.മീറ്ററുകൾ സഞ്ചരിച്ച് മറ്റ് സ്ഥലങ്ങളിൽ വള്ളം അടുപ്പിക്കേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ
- രാജൻ, മത്സ്യത്തൊഴിലാളി