photo

ചേർത്തല: വർഷങ്ങളായി കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം ഭരിച്ചിരുന്നവരുടെ മാടമ്പി സ്വഭാവം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയപ്പോൾ കമ്മ്യൂണിസ്​റ്റ് പാർട്ടിയുടെ അഭ്യർത്ഥന മാനിച്ച് 1964 ൽപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റ് സ്ഥാനത്ത് ആറു പതിറ്റാണ്ട് പിന്നിട്ട് ചരിത്രത്തിന്റെ ഭാഗമായി. കണിച്ചുകുളങ്ങര നിവാസികളും വെള്ളാപ്പള്ളിയും തമ്മിൽ അത്രയ്ക്ക് ആഴത്തിലുള്ള ബന്ധമാണുള്ളത്. ആറു പതിറ്റാണ്ടായി കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന്റെ പ്രസിഡന്റായി തുടരുന്നത് ചരിത്ര സംഭവമാണ്.

ക്ഷേത്ര യോഗാംഗങ്ങളുമായി മൂന്ന് തലമുറയായി തുടർന്നുപോരുന്ന സ്‌നേഹബന്ധമാണ് അദ്ദേഹത്തിനുള്ളത്.ഏതൊക്കെ സ്ഥാനങ്ങളിൽ എത്തിയാലും എവിടെയൊക്കെ എത്തിപ്പെട്ടാലും ദേവീ സവിധത്തിൽ സമർപ്പിതമാണ് വെള്ളാപ്പള്ളിയുടെ ജീവിതം. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭരണ സാരഥ്യം ഏ​റ്റെടുക്കുന്നതിന് മുമ്പുതന്നെ, ക്ഷേത്രസങ്കേതങ്ങൾ ആത്മീയതയും ഭൗതീകതയും ഒന്നിച്ചു വളർത്തേണ്ടതാണെന്നുള്ള ലക്ഷ്യ ബോധത്തോടെയുള്ള പ്രവർത്തനമാണ് വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടത്തിയിരുന്നത്. ക്ഷേത്ര വരുമാനത്തിന്റെ ഒരു ഭാഗം വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്കുവേണ്ടി മാറ്റിവയ്ക്കാൻ തീരുമാനമെടുത്തുകൊണ്ട് അന്നുവരെ നിലനിന്നിരുന്ന വ്യവസ്ഥകളും ആചാരങ്ങളും സാധാരണക്കാരന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കുവേണ്ടി മാറ്റിയെഴുതുകയായിരുന്നു വെള്ളാപ്പള്ളി.

വിദ്യാഭ്യാസസഹായം കൊടുക്കുന്നതിന് പുറമേ ചികിത്സാ സഹായം, മരണാനന്തരസഹായം,പെൺകുട്ടികളുടെ വിവാഹത്തിന് മംഗല്യനിധി വിതരണം,അംഗങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പാ പദ്ധതി,കല്യാണത്തിന് സൗജന്യമായി ക്ഷേത്രത്തിന്റെ ഓഡി​റ്റോറിയവും മ​റ്റ് ഉപകരണങ്ങളും അനുവദിച്ചുകൊടുക്കുക,സമൂഹ വിവാഹങ്ങൾ സംഘടിപ്പിക്കുക, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വി​തരണവും പ്രതിഭകളെ ആദരിക്കലും നടത്തുക...അങ്ങനെ നീളുന്നു ക്ഷേമപ്രവർത്തനങ്ങൾ.

സാധാരണക്കാരുടേയും സ്ത്രീജനങ്ങളുടേയും പേടിപ്പെടുത്തുന്ന ഓർമ്മയായ വേലപടയണി എന്ന ദുരാചാരം നിർത്തലാക്കി, ആകർഷകമായും ഭക്തി നിർഭരമായും ഉത്സവ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് വെള്ളാപ്പള്ളി സ്വീകരിച്ച നടപടി പ്രശംസനീയമാണ്. ക്ഷേത്രത്തിൽ ഗുരുമന്ദിരം സ്ഥാപിച്ചാണ് ഈ ദുരാചാരത്തെ എന്നെന്നേയ്ക്കുമായി തുടച്ചു നീക്കിയത്.ക്ഷേത്ര കളിത്തട്ടിൽ 14 കുട്ടികളുമായി തുടങ്ങിയ വിദ്യാലയം ഇന്ന് 1800ലധികം കുട്ടികളും 100ന് മേൽ അദ്ധ്യാപകരുമുള്ള ഒരുവലിയ സ്ഥാപനമായി ഉയർന്നു നിൽക്കുന്നു. എയ്ഡഡ് മേഖലയിൽ രണ്ട് ഹൈസ്‌ക്കൂളുകളും ഒരു ഹയർ സെക്കൻഡറി സ്‌ക്കൂളും ഒരു വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളും പ്രവർത്തിക്കുന്നു.ഉന്നതമായ വിജയശതമാനം നിലനിർത്തി സ്‌ക്കൂൾ ഇന്ന് ജില്ലയിലെ തന്നെ വലിയ വിദ്യാഭ്യാസ സങ്കേതമായി മാറി. 8 കോടിയിലധികം രൂപ മുടക്കി പൂർണ്ണമായും കരിങ്കല്ലിലും തേക്കിലും ചെമ്പിലും ക്ഷേത്രത്തിൽ പണിതീർത്ത നാലമ്പലം മാതാ അമൃതാനന്ദമയിയാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. നാലമ്പത്തിനുള്ളിൽ ഷർട്ട് ധരിച്ച് കയറാനുള്ള അനുമതിയും നൽകി വെള്ളാപ്പള്ളി ചരിത്രത്തിന്റെ ഭാഗമായി. ആചാരങ്ങൾ നടപ്പിലാക്കി ദുരാചാരങ്ങൾ ഇല്ലാതാക്കുകയായിരുന്നു വെള്ളാപ്പള്ളി ചെയ്തത്.

പ്രളയത്തി​ലും താങ്ങായി​

2018ലെ പ്രളയകാലത്ത് കുട്ടനാട്ടിലെ 10000 ത്തോളം പേർക്ക് മാസങ്ങളോളം താമസമൊരുക്കി താങ്ങും തണലുമായി നിന്നത് കണിച്ചുകുളങ്ങര ക്ഷേത്രമാണ്.കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പിന് നേതൃത്വം കൊടുത്ത് പ്രവർത്തിച്ചതും വെള്ളാപ്പള്ളിയാണ്. ഓണക്കോടിയും, കൈനീട്ടവും നൽകിയാണ് പാവപ്പെട്ട കുട്ടനാട്ടുകാരെ വെള്ളാപ്പള്ളി പറഞ്ഞയച്ചത്.സംസ്ഥാന സർക്കാർ ടൂറിസം വകുപ്പ് അഞ്ചര കോടി രൂപ മുടക്കി ക്ഷേത്രത്തിന് നിർമ്മിച്ച് നൽകിയ പിൽഗ്രിം സെന്റർ വെള്ളാപ്പള്ളിയുടെ നേട്ടങ്ങളുടെ പട്ടികയിലെ പ്രധാന സംഭവമാണ്. ക്ഷേത്ര നടയിൽ 11000 ചതുരശ്ര അടി വിസ്തീർണത്തിൽ പൂർത്തിയാക്കിയ നടപ്പന്തൽ കേരളത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയതാണ്.