ആലപ്പുഴ: സോഷ്യൽ മീഡിയയിൽ വ്യാജവീഡിയോ പ്രചരിക്കുന്നതിനെതിരെ വരണാധികാരി കൂടിയായ കളക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയതായി ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് വർഷമായി മണ്ഡലത്തിൽ തിരിഞ്ഞുനോക്കാതെ വോട്ടുചോദിച്ച് ആലപ്പുഴയിലെത്തിയ എ.എം. ആരിഫ് എം.പിയെ പൊതുജനം ഓടിച്ചു എന്നതലക്കെട്ടിൽ തയ്യാറാക്കിയ വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷമായുള്ള വികസനപ്രവർത്തനങ്ങളുടെ പേരിൽ ജനപിന്തുണയും വോട്ടും ലഭിക്കുമെന്ന് ഭയന്ന് പരാജയഭീതിയിൽ കോൺഗ്രസും ബി.ജെ.പിയുമാണ് കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്ന് ആരി​ഫ് പറഞ്ഞു.
ഇടതുപക്ഷത്തിന്റെ പ്രാധാന്യം വർദ്ധിച്ച തിരഞ്ഞെടുപ്പാണിതെന്ന് വാർത്താസമ്മേളനത്തി​ൽ പങ്കെടുത്ത മന്ത്രി സജി ചെറിയാൻ പറഞ്ഞു. വ്യാജവീഡിയോ അടക്കമുള്ള സംഭവങ്ങളിൽ പരാതി കിട്ടാതെ തന്നെ പൊലീസ് സ്വമേധയ കേസെടുക്കണമെന്ന് മുൻമന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു. കള്ളപ്രചാരണവിഷയത്തിൽ ആലപ്പുഴ മണ്ഡലത്തിലെ എതിർസ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ ജില്ലസെക്രട്ടറി ടി.എ.ആഞ്ചലോസ് ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും പങ്കെടുത്തു.