ചേർത്തല:കരപ്പുറത്തിന്റെ കാർഷിക മേഖലയ്ക്ക് ഉണർവേകി കരപ്പുറം ഗ്രീൻസ് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാർഷിക വിപണന കേന്ദ്രം നാളെ പ്രവർത്തനം ആരംഭിക്കും. ചേർത്തല, കഞ്ഞിക്കുഴി മേഖലയിൽ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും വേണ്ടിയാണ് ദേശീയപാത ചേർത്തല മതിലകത്ത് വിപണന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് വി.എസ്.ബൈജു,സെക്രട്ടറി പി.ആർ.ഷിനാസ്,ട്രഷറർ വി.സുഭാഷ് എന്നിവർ പറഞ്ഞു. നാളെ രാവിലെ 7ന് മുതിർന്ന കർഷകൻ ശേഖരൻ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ചെറുകിട കർഷകരെയും യുവാക്കളെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കുകയും വരുമാന മാർഗമുണ്ടാകുന്ന തരത്തിൽ കൃഷി ചെയ്യിക്കുകയാണ് ലക്ഷ്യം.നിലവിൽ കർഷകരായ 30 പേർ കൂട്ടായ്മയിൽ അംഗങ്ങളാണെന്നും വരും ദിവസങ്ങളിൽ ചെറുകിട കർഷകരെക്കൂടി ഉൾപ്പെടുത്തി കാർഷിക കൂട്ടായ്മ വിപുലമാക്കുമെന്നും കർഷകരായ എസ്.പി.സുജിത്ത്,പി.എസ്.ശ്യാംകുമാർ,കെ.എൻ. രാധാമണി എന്നിവർ അറിയിച്ചു.