കുട്ടനാട് : മങ്കൊമ്പ് ശങ്കര ജംഗ്ക്ഷൻ മുതൽ സ്ക്കൂൾ പാലം വരെയുള്ള റോഡ് നന്നാക്കാത്തതിലും പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി പുളിങ്കുന്ന് പഞ്ചായത്ത് 13, 14 വാർഡു നിവാസികൾ.
കഴിഞ്ഞ പ്രളയത്തിൽ തകർന്നു തരിപ്പണമായ റോഡിൽ ഇടയ്ക്ക് ചില അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും വീണ്ടും പൂർവ്വസ്ഥിതിയിലെത്തി. പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട് നാളുകളായി. പൊതുടാപ്പുകൾ പേരിനു പോലുമില്ല. ഹൗസ് കണക്ഷൻ ലൈനുകളിൽ മാസത്തിലൊരിക്കൽ പോലും വെള്ളമെത്താറുമില്ല. വില കൊടുത്ത് സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങുന്ന കുടിവെള്ളമാണ് ഏക ആശ്രയം.
വേനൽ കടുത്തതോടെ ദിവസവും നൂറ് കണക്കിന് രൂപ കുടിവെള്ളത്തിന് മാത്രമായി മുടക്കേണ്ട ഗതികേടിലാണിവർ. മറ്റു പഞ്ചായത്തുകളൊക്കെ വാഹനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാറുണ്ടെങ്കിലും ഇവിടെ അതിനും പഞ്ചായത്ത് തയ്യാറായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ രാഷ്ട്രിയ നേതൃത്വങ്ങൾ തയ്യാറാകാത്ത പക്ഷം വോട്ട് ബഹിഷ്ക്കരണത്തിൽ നിന്ന് തങ്ങൾ പിന്നോട്ട് പോകില്ലെന്നും അവർ പറഞ്ഞു.