pani-bakiyaya-sabtrashri-

സഹായവുമായി സർവീസ് സംഘടനകൾ

മാന്നാർ : നിർമ്മാണം പൂർത്തിയാകാത്ത മാന്നാർ സ്റ്റോർ ജംഗ്ഷനിലെ പുതിയ സബ് ട്രഷറി കെട്ടിടത്തിൽ തുള്ളിവെള്ളം കിട്ടാതെ വലഞ്ഞ ജീവനക്കാർക്ക് സർവീസ് സംഘടനകളുടെ ഇടപെടലിൽ ആശ്വാസം. എഫ്.എസ്.ഇ.റ്റി.ഒ, എൻ.ജി.ഒ യൂണിയൻ എന്നീ സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് ടാങ്കറിൽ വെള്ളം എത്തിച്ചത്.

ട്രഷറിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷത്തോളമായെങ്കിലും കെട്ടിടത്തിൽ വാട്ടർ കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. പൈപ്പ് ലൈനും ടാങ്കുമൊക്കെ കെട്ടിടത്തിൽ ഒരുക്കിയിട്ടുമുണ്ട്. വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ടിട്ട് യാതൊരു പരിഹാരവുമുണ്ടാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.

മാന്നാർ സബ് ട്രഷറിയുടെ സുഗമമായ പ്രവർത്തനത്തിന്, അവശേഷിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള അന്തരിക്ഷം സൃഷ്ടിക്കണമെന്നും എഫ്.എസ്.ഇ.റ്റി.ഒ ചെങ്ങന്നൂർ മേഖല പ്രസിഡന്റ് എം.പി സുരേഷ് കുമാർ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം നന്ദകുമാർ, ഏരിയ സെക്രട്ടറി സുരേഷ് പി.ഗോപി, ജെ.സജുദേവ്, സന്തോഷ് കുമാർ.പി എന്നിവർ ആവശ്യപ്പെട്ടു.

വെള്ളമെത്തിക്കാൻ പെടാപ്പാട്

എഫ്.എസ്.ഇ.റ്റി.ഒ, എൻ.ജി.ഒ യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ ശനിയാഴ്ച ടാങ്കർ ലോറിയിൽ എത്തിച്ച വെള്ളം താഴത്തെ ടാങ്കിൽ നിന്നും മുകളിലത്തെ ടാങ്കിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ആദ്യം നടന്നില്ല. ദീർഘനാളായി വെള്ളമില്ലാതിരുന്നതിനാൽ ഫുട് വാൽവ് പ്രവർത്തിക്കാതായി. പിന്നീട് കരാറുകാരെ വിളിച്ച് ഇത് പരിഹരിച്ചശേഷമാണ് ടാങ്കിലേക്ക് വെള്ളം കയറ്റി ജലവിതരണം സാദ്ധ്യമാക്കിയത്.

2023

മേയിലായിരുന്നു സബ് ട്രഷറിയുടെ ഉദ്ഘാടനം

ജോലികൾ ബാക്കി

 ടൈൽസ് പാകുന്ന ജോലികൾ ചെയ്യണം

 പകുതിയായ സീലിംഗ് പൂർത്തിയാക്കണം

 നിർമ്മാണാവശ്യത്തിനെടുത്ത കുഴികൾ നികത്തണം