അരൂർ: എരമല്ലൂർ പൈങ്ങാകുളം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ സഹസ്രകലശം 10ന് ആരംഭിച്ച് 15 ന് സമാപിക്കും. 10 ന് വൈകിട്ട് 5.30 ന് എൻ.എസ്.എസ് നായക സഭാംഗവും ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും . ദേവസ്വം പ്രസിഡന്റ് കെ.സുരേന്ദ്രനാഥൻ നായർ അദ്ധ്യക്ഷനാകും. പുതിയ ചുറ്റമ്പലവും സദ്യാലയവും കൈതപ്രം ദാമോദരൻ നമ്പൂതിരി നാടിന് സമർപ്പിക്കും. ദീപ സ്തംഭത്തിന്റെ സമർപ്പണം എൻ.എസ്.എസ് ജനറൽ അഡ്‌മിനിസ്ട്രേഷൻ സൂപ്രണ്ട് ബി.ഗോപാലകൃഷ്‌ണൻ നായർ നിർവഹിക്കും.ചേർത്തല താലൂക്ക് യൂണിയൻ സെക്രട്ടറി ജയകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ്, കലശ സംഘാടക സമിതി ജനറൽ കൺവീനർ കെ.ജി.ബിപിൻ, ദേവസ്വം സെക്രട്ടറി കെ.ഉണ്ണികൃഷ്‌ണൻ, കരയോഗം സെക്രട്ടറി പി.പി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. കലശ ചടങ്ങുകൾക്ക് തന്ത്രി പുലിയന്നൂർമന പ്രസാദ് നാരായണൻ നമ്പൂതിരി,മേൽശാന്തി രാഘവേന്ദ്രൻ എമ്പ്രാന്തിരി എന്നിവർ മുഖ്യകാർമികരാകും.