s

വെള്ളാപ്പള്ളി വീണ്ടും പ്രസിഡന്റ്

ചേർത്തല: കണിച്ചുകുളങ്ങര ദേവസ്വം ഭരണസമിതി തിരഞ്ഞെടുപ്പിൽ എതിരാളികളെ നിഷ്പ്രഭമാക്കി വെള്ളാപ്പള്ളി നടേശൻ നയിച്ച പാനലിന് ചരിത്രവിജയം. ആകെ പോൾ ചെയ്ത 10551 വോട്ടിൽ 10036 വോട്ടും നേടി വെള്ളാപ്പള്ളി നടേശൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി 60 വർഷം പ്രസിഡന്റായി തുടരുന്ന വെള്ളാപ്പള്ളി നടേശൻ ചരിത്രപരമായ നേട്ടമാണ് കൈവരിച്ചത്. ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതയും ദേവസ്വം കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വർഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. 87കാരനായ വെള്ളാപ്പള്ളിയും 29 കാരനായ സഞ്ജു പോക്കാട്ടും ഉൾപ്പെടെ മൂന്നു തലമുറകളുടെ ഒത്തുചേരലാണ് കമ്മിറ്റി. യുവജനങ്ങളായ 10 പേരാണ് ഇതിലുള്ളത്.

പുതുക്കാട്, പടവൂർ,ശാന്തി കുടുംബം എന്നിവയിൽ നിന്ന് യഥാക്രമം കെ.വി. കമലാസനൻ,പി.വി.പ്രേമചന്ദ്രൻ,പി.ജെ.സജിമോൻ എന്നിവർ എതിരില്ലാതെ വിജയിച്ച് ആദ്യ ഘട്ടത്തിൽ തന്നെ വെള്ളാപ്പള്ളി പാനൽ മുൻകൈ നേടിയിരുന്നു. സൈക്കിൾ ചിഹ്നത്തിലാണ് പാനൽ മത്സരിച്ചത്. വൈസ് പ്രസിഡന്റായി തുഷാർ വെള്ളാപ്പള്ളിയും സെക്രട്ടറിയായി പി.കെ.ധനേശനും ജോയിന്റ് സെക്രട്ടറിയായി ടി.കെ.അനിൽബാബുവും ഖജാൻജിയായി സ്വാമിനാഥൻ ചള്ളിയിലും തിരഞ്ഞെടുക്കപ്പെട്ടു. മുരുകൻ പെരക്കൻ,പി.സി.വാവക്കുഞ്ഞ്,എ.പി.ഷൺമുഖൻ,ടി.കെ.സജീവ്,കെ.എം.നിഷ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സ്കൂൾ മാനേജരായി ടി.പ്രസന്നകുമാറും സ്കൂൾ കമ്മിറ്റി അംഗങ്ങളായി ഡി.ബിനുമോൻ,പി.സഞ്ജു,കെ.എസ്.ഷാനിമോൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 25 ബൂത്തുകളിലായി നടന്ന വോട്ടെടുപ്പിൽ 10 മുതൽപ്പറ്റുകളിലെ 12552 പേരാണ് വോട്ടർമാരായി ഉണ്ടായിരുന്നത്. അതിൽ 10551 പേർ വോട്ടു ചെയ്തു.അഡ്വ.കെ.സി.ജോസഫ് മാത്തനായിരുന്നു മുഖ്യവരണാധികാരി.