ആലപ്പുഴ : വൈദ്യുതി സംവിധാനം തകരാറിലായതോടെ കഴിഞ്ഞ ഒരു മാസത്തോളമായി നഗരത്തിലെ വലിയചുടുകാട് ശ്മശാനം ഇരുട്ടിലായി.

ചുടുകാടിനോട് ചേർന്നുള്ള പാർക്കിലെ നിർമ്മാണ പ്രവൃത്തിക്കിടെയാണ് വൈദ്യുതി സംവിധാനം തകരാറിലായത്.

പലതവണ നഗരസഭയെ വിവരം അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം വാർഡ് കൗൺസിലർ ഇടപെട്ട് വിവരം നഗരസഭ സെക്രട്ടറിയെയും, മുനിസിപ്പൽ എൻജിനിയറെയും അറിയിച്ചു. എസ്റ്റിമേറ്റ് തയാറാക്കി തനത് ഫണ്ട് ഉപയോഗിച്ച് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കേണ്ടി വന്നപ്പോഴാണ് വെളിച്ചക്കുറവ് പ്രതിസന്ധിയായി മാറിയത്. മരണപ്പെട്ടയാളുടെ ബന്ധുക്കളെത്തിയ കാറുകളുടെ ഹെഡ് ലൈറ്റ് തെളിച്ചാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.

സാധാരണ ഗതിയിൽ വൈകിട്ട് ആറ് മണിക്ക് ശേഷം ശ്മശാനത്തിൽ സംസ്ക്കാരം നടത്താറില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ അടിയന്തരസാഹചര്യങ്ങൾ ഇടയ്ക്ക് ഉണ്ടാകാറുണ്ട്. നഗരവാസികൾക്ക് മൃതദേഹങ്ങൾ സംസ്ക്കരിക്കാനുള്ള ആശ്രയമാണ് വലിയ ചുടുകാട് ശ്മശാനം. ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് നടക്കുന്നവയിൽ ഏറെയും. ഇത് കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംസ്ക്കാരത്തിന് സ്ഥല സൗകര്യമോ, വേണ്ടപ്പെട്ടവരോ ഇല്ലാത്തവരുടെ മൃതശരീരങ്ങളും ജനപ്രതിനിധികളുടെ സാക്ഷ്യപത്രത്തോടെ ഇവിടെ സംസ്ക്കരിക്കാറുണ്ട്

സംസ്കാരം വാഹന വെളിച്ചത്തിൽ

 വലിയ ചുടുകാട് ശ്മശാനത്തിൽ വൈദ്യുതി നിലച്ചിട്ട് ഒരു മാസം പിന്നിട്ടു

 രാത്രിയിൽ സംസ്കാരം നടത്തുന്നത് വാഹനങ്ങളുടെ ലൈറ്റിന്റെ പ്രകാശത്തിൽ

 നഗരത്തിലെ പ്രധാന പൊതുശ്മശാനങ്ങളിലൊന്നാണിത്

കഴിഞ്ഞ ആഴ്ച്ച രണ്ട് മൃതദേഹങ്ങളാണ് ഇവിടെ ഇരുട്ടിൽ സംസ്കരിക്കേണ്ടി വന്നത്. പോസ്റ്റുമോർട്ടം വൈകിയതിനാൽ സംസ്ക്കാര സമയം നീണ്ടുപോവുകയായിരുന്നു. വെളിച്ചമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടി

- അമൽ, ആലപ്പുഴ