ആലപ്പുഴ: കടുത്തവേനലിനെ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന സ്ഥാനാർത്ഥികളും പ്രചരണ രംഗത്തുള്ള പ്രവർത്തകരും കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടം പാലിക്കണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ ബി. പത്മകുമാർ പറഞ്ഞു.ഐ.എം.എയുടെയും 'ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വേനലിനെ എങ്ങനെ കൂളാക്കാം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.എ സൗത്ത് സോൺ നിയുക്ത പ്രസിഡന്റ് ഡോ. ആർ.മദനമോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ഐ.എം.എ ജില്ലാ ബ്രാഞ്ച് പ്രസിഡന്റ് ഡോ. മനീഷ് നായർ നിർവഹിച്ചു. കാർഡിയോ തൊറാസിക്ക് സർജനും ഐ.എം.എ ജില്ലാ ബ്രാഞ്ച് സെക്രട്ടറിയുമായ ഡോ. എൻ.അരുൺ ആരോഗ്യ ദിനസന്ദേശം നൽകി. ഹൃദയാഘാത പുനരുജ്ജീവന പരിശീലന പരിപാടിക്ക് ഡോ. കെ.ഷാജഹാനും. ഡോ. കെ.പി.ദീപയും നേതൃത്വം നൽകി. കൊച്ചിൻ റീജിയണൽ കാൻസർ സെന്ററിന്റെ ഡയറക്ടറായി നിയമനം ലഭിച്ച ഡോ.ബാലഗോപാലിനെ ആദരിച്ചു. ഡോ. കെ.കൃഷ്ണകുമാർ, ഡോ. എ.പി. മുഹമ്മദ്, ഹൃദ്രോഗവിദഗ്ഡൻ ഡോ. കെ.എസ്.മോഹൻ, ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ. സി.വി.ഷാജി, മനോരോഗ വിഭാഗം അസി.പ്രൊഫസർ ഡോ. ഷാലിമ കൈരളി, കെ.നാസർ, ടി.എസ്.സിദ്ധാർത്ഥൻ, കെ.ചന്ദ്രദാസ്, നാണുക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു.