സുദേവ്
അമ്പലപ്പുഴ : ക്ഷേത്രദർശനത്തിനു പോയ കുടുംബം സഞ്ചരിച്ച ബൈക്ക് സൈക്കിളിൽ തട്ടി നിയന്ത്രണം വിട്ട് ടോറസ് ലോറിക്കടിയിൽപ്പെട്ട് ദമ്പതികൾക്കും മകനും ദാരുണാന്ത്യം. പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് പുന്തല ആനന്ദേശ്വരം കളത്തിൽപ്പറമ്പ് വീട്ടിൽ സുദേവ് (43), ഭാര്യ വിനീത (36), ഏകമകൻ ആദി എസ്.ദേവ് (12) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 6മണിയോടെ ദേശീയപാതയിൽ പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസിന് സമീപമായിരുന്നു അപകടം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന സുദേവും കുടുംബവും സഞ്ചരിച്ച ബൈക്ക് മുന്നിലൂടെ പോവുകയായിരുന്ന സൈക്കിളിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ സുദേവിന്റെയും ഭാര്യയുടെയും ശരീരത്തിലൂടെ എതിർദിശയിൽന്നുവന്ന ടോറസ് ലോറി കയറിയിറങ്ങി.
ബംഗളൂരുവിൽ നിന്ന് കായംകുളത്തേക്ക് പൈപ്പുമായി പോവുകയായിരുന്നു ടോറസ്. സുദേവ് സംഭവസ്ഥലത്തു മരിച്ചു. റോഡരികിൽ തലയടിച്ചു വീണ ആദി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു കഴിഞ്ഞാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വിനീതയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
സൈക്കിളിൽ മത്സ്യവില്പന നടത്തുന്ന പുന്നപ്ര പുതുവൽ വീട്ടിൽ പ്രകാശൻ (56) മുന്നിൽ പോവുകയായിരുന്ന കാൽനടയാത്രക്കാരനെ തട്ടാതിരിക്കാൻ സൈക്കിൾ വെട്ടിച്ചപ്പോഴാണ് സുദേവ് ഓടിച്ച ബൈക്കിൽ തട്ടിയത്. പ്രകാശനും കാൽനട യാത്രക്കാരൻ പുറക്കാട് പതിനെട്ടാം വാർഡിൽ പുതുവൽ വീട്ടിൽ മണിയനും (80) പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായിരുന്നു സുദേവ്. പുന്നപ്ര ജ്യോതിനികേതൻ സ്കൂളിലെ വിദ്യാർത്ഥിയായ ആദി എസ്.ദേവ് ആറാം ക്ലാസ് പരീക്ഷ കഴിഞ്ഞ് നിൽക്കുകയായിരുന്നു. ചെമ്മീൻപീലിംഗ് ഷെഡ് തൊഴിലാളിയാണ് വിനീത. സുദേവിന്റെയും ആദിയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിനീതയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
ഒരാഴ്ച മുമ്പ് ഈ ഭാഗത്ത് തോട്ടപ്പള്ളി സ്വദേശികളായ രണ്ടു പേർ വാഹനാപകടത്തിൽ മരിച്ചിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരു വശങ്ങളിലും മെറ്റൽ വിരിച്ചിട്ടിരിക്കുന്നതും റോഡിലെ കുഴികളുമാണ് വാഹനാപകടം കൂടാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.