uruli-vipani

മാന്നാർ : വിഷു വിളിപ്പുറത്തെത്തിയതോടെ മാന്നാറിലെ ഓട്ടുരുളിക്കും ആവശ്യക്കാരേറി. മേടപ്പുലരിയിൽ കണിയൊരുക്കുന്നതിൽ ഓട്ടുരുളിക്ക് പ്രധാന സ്ഥാനമാണ്. നിലവിളക്ക്, ഓട്ടുരുളി, കൃഷ്ണവിഗ്രഹം, നെല്ല്, ഉണക്കലരി, കണിവെള്ളരി, ചക്ക, മാങ്ങ, വാഴപ്പഴം, നാളികേരം, കൊന്നപ്പൂവ്, നെയ്യ്/നല്ലെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, സ്വർണ്ണം, നാണയങ്ങൾ, വാൽക്കണ്ണാടി, കുങ്കുമം, കണ്മഷി, അടയ്ക്ക, വെറ്റില, കിണ്ടി, വെള്ളം തുടങ്ങിയവയാണ് കണിയൊരുക്കാനാവശ്യമായിട്ടുള്ളത്. ജീവനും ജീവിതവും മരുഭൂമിയിൽ അകപ്പെട്ടുപോയ നജീബിന്റെ കഥ പറയുന്ന ആട് ജീവിതം സിനിമയിൽ, ഗൾഫിൽ പോയി കാശൊക്കെ ആയി വരുമ്പോൾ "മാന്നാത്ത് പോയി ഓട്ടുരുളി വാങ്ങണം" എന്ന് നജീബിന്റെ ഉമ്മയോട് ഭാര്യ പറയുന്ന രംഗം മാന്നാറിന്റെ ഓട്ടുരുളിയുടെ പ്രാധാന്യവും പ്രശസ്തിയും വ്യക്തമാക്കുന്നതാണ്.

വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്കും ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങൾക്കും മാന്നാറിലെ വെങ്കലപാത്രങ്ങൾ ഒഴിച്ചുകൂടാത്തവയാണ്. മാന്നാർ പരുമലക്കടവ് മുതൽ തൃക്കുരട്ടി മഹാദേവക്ഷേത്രം വരെയുള്ള ഒരുകി.മി ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമായി ഓട്ടുപാത്രങ്ങളുടെ വിപണത്തിനായി മുപ്പതോളം സ്ഥാപനങ്ങളാണുള്ളത്. വിഷു എത്തിയതോടെ ഈ സ്ഥാപനങ്ങളിലെല്ലാം ഓട്ടുരുളി വാങ്ങാനെത്തുന്നവരുടെ തിരക്കുമേറി. ഓരോ കടയുടെയും മുന്നിൽ പ്ലാസ്റ്റിക് നിർമ്മിത കൊന്നപ്പൂവും ചാർത്തി ഓട്ടുരുളികൾ അടുക്കി വെച്ചിരിക്കുന്ന കാഴ്ച ആരെയും ആകർഷിക്കും.

അരക്കിലോ മുതൽ

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉരുളികൾ എത്തുന്നുണ്ടെങ്കിലും മാന്നാറിലെ പരമ്പരാഗത തൊഴിലാളികൾ നിർമ്മിച്ചെടുക്കുന്ന ഓട്ടുരുളികൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് മാന്നാറിലെ യുവ ഓട്ടുപാത്ര വ്യവസായി സതീഷ് മഹാലക്ഷ്മി പറയുന്നു. പാരമ്പര്യ രീതിയിൽ നിർമ്മിക്കുന്നതിനാൽ ഇവയ്ക്ക് വിലയും കൂടുതലാണ്. കിലോഗ്രാമിന് 850 രൂപ മുതൽ 1500 രൂപ വരെ വിലയുള്ള ഉരുളികൾ മാന്നാറിൽ നിർമ്മിച്ചുനല്കുന്നുണ്ട്. ചേരുവകൾ മികച്ചതാക്കുമ്പോൾ വിലയിലും വ്യത്യാസമുണ്ടാകും. അരക്കിലോ മുതൽ മുകളിലോട്ട് ആവശ്യത്തിനനുസൃതമായ വലിപ്പത്തിൽ ഉരുളികൾ ലഭ്യമാണ്.