ആലപ്പുഴ : വോട്ടടുപ്പിലേക്ക് ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കെ പ്രചാരണത്തിലും ഗിയർ മാറ്റിത്തുടങ്ങിയിരിക്കുകയാണ് മുന്നണികൾ. സിനിമാ താരങ്ങളെഉൾപ്പടെ എത്തിച്ച് കളം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് എല്ലാവരും. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ ആലപ്പുഴയിലേക്ക് സെലിബ്രിറ്റികളുടെ വരവുണ്ട്. വോട്ടർമാരെ പെട്ടെന്ന് ആകർഷിക്കാനാണ് താരസാന്നിദ്ധ്യം ഉറപ്പാക്കുന്നത്.
യു.ഡി.എഫിന് വേണ്ടി എത്തിയ ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടിയാണ് ഒടുവിലായി മണ്‌ഡലത്തിൽ ഓളമുണ്ടാക്കി മടങ്ങിയ താര പ്രചാരകൻ. വരും ദിവസങ്ങളിൽ അങ്കം കൊഴുപ്പിക്കാൻ കൂടുതൽപ്പേരെത്തും. ഇതിനകം ഇടതുമുന്നണിക്ക് വേണ്ടി ഹരിശ്രീ അശോകൻ, നാദിർഷ, വീണ നായർ, യു.ഡി.എഫിനായി സ്റ്റീഫൻ ദേവസി, രമേഷ് പിഷാരടി, എൻ.ഡി.എയ്ക്കായി സംവിധായകൻ മേജർ രവി, നടൻ ദേവൻ തുടങ്ങിയവരാണ് രംഗത്തെത്തിയത്. ഇവരെ കൂടാതെ ദേശീയ നേതാക്കളെ കൂടി വോട്ടർമാർക്ക് മുന്നിലെത്തിക്കുന്നതിൽ കോൺഗ്രസും ബി.ജെ.പിയും പ്രത്യേകശ്രദ്ധ വച്ചു പുലർത്തുന്നുണ്ട്. മുഖ്യമന്ത്രിയെ മണ്ഡലത്തിലെത്തിച്ചാണ് ഇടതുമുന്നണി പ്രചരണം കൊഴുപ്പിച്ചത്.
'പണിക്കൂലിയുമില്ല, പണിക്കുറവുമില്ല ',
സദസ്സിനെ കൈയിലെടുത്ത് പിഷാരടി
നർമ്മത്തിലൂടെ രാഷ്ട്രീയം പറഞ്ഞുള്ള രമേഷ് പിഷാരടിയുടെ പ്രസംഗം സ്ത്രീകൾ നിറഞ്ഞ കൈയടികളോടെ സ്വീകരിച്ചു. ഇന്നലെ ആലപ്പുഴ മണ്ഡലത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച വിവിധ മേഖലയിലുള്ള സ്ത്രീകളുമായുള്ള സംവാദവും, മഹിളാ ന്യായ് കൺവൻഷനുമായിരുന്നു രമേഷ് പിഷാരടി പങ്കെടുത്ത പരിപാടികൾ. കേന്ദ്രവും കേരളവും ഒരുപോലെ ഞെക്കി പിഴിയുന്നതിനാൽ സംസ്ഥാനത്ത് എല്ലാ വിഭാഗങ്ങളിലും വരുമാനം പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യുന്ന ജോലിക്ക് ആനുപാതികമായി പണിക്കൂലിയില്ല. അതേ സമയം ജനങ്ങൾക്ക് കഷ്ടപ്പാടിന്റെ പണിക്കുറവില്ല താനും. രാജ്യത്ത് നിലനിൽക്കുന്ന പ്രധാന വിഷയങ്ങളെല്ലാം സ്ത്രീകൾക്ക് അറിയാവുന്നതാണന്നും, സംശയമുള്ളവർ പെട്രോൾ അടിച്ചാലോ, കടകളിലെത്തി വീട്ടുസാധനങ്ങൾ വാങ്ങിയാലോ നമ്മൾ കടന്നുപോകുന്ന സാഹര്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപാട് ലഭിക്കുമെന്നും പിഷാരടി അഭിപ്രായപ്പെട്ടു.