
ആലപ്പുഴ : തണ്ണിമത്തൻ മുതൽ സൂചിയും നൂലും വരെയുള്ള വ്യത്യസ്ത ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത്. 190ഓളം ചിഹ്നങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത്. കാമറയും മൊബൈൽഫോണും ഹെഡ്ഫോണും ചാർജറും ഉൾപ്പെടെ പച്ചക്കറികളുടെയും പലഹാരങ്ങളുടെയും നീണ്ട നിരയുണ്ട് ലിസ്റ്റിൽ.
കോളിഫ്ലവർ, പച്ചമുളക്, വെണ്ടയ്ക്ക എന്നിവയൊക്കെ ഒറ്റയ്ക്കും പഴങ്ങൾ നിറഞ്ഞ കൂടയും കറികൾ കിണ്ണങ്ങളിലാക്കിയതുമൊക്കെ ചിഹ്നങ്ങളിൽ ഉൾപ്പെടും. ഇംഗ്ളീഷ് അക്ഷരമാല ക്രമത്തിലാണ് ചിഹ്നങ്ങളുടെ പട്ടിക. സേഫ്ടി പിൻ,അലമാര, ബലൂൺ, വള, ബാറ്റ്,ബ്ളാക്ക് ബോർഡ്, ബോട്ടിൽ, ബോക്സ്, പാദരക്ഷ, കാൽക്കുലേറ്റർ, എന്നിവയുമുണ്ട്.
അംഗീകാരമുള്ള ദേശീയ പാർട്ടികൾക്കും പ്രാദേശിക പാർട്ടികൾക്കും സ്വതന്ത്രചിഹ്നങ്ങളുടെ ആവശ്യം ഇല്ല. കമ്മിഷൻ അംഗീകരിച്ച സ്വന്തം ചിഹ്നങ്ങളിലാണ് ഇവർ ജനവിധി തേടുക. സ്വതന്ത്രസ്ഥാനാർത്ഥികൾക്ക് ഇഷ്ടമുള്ള ചിഹ്നം ആവശ്യപ്പെടാമെങ്കിലും അതേ ചിഹ്നം മറ്റാരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ നറുക്കിട്ടെടുത്ത് നൽകുകയാണ് പതിവ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിനുശേഷമേ ചിഹ്നം അനുവദിക്കുകയുള്ളൂ.