ആലപ്പുഴ:തിരഞ്ഞെടുപ്പ് പ്രചരണം മൂന്നാംഘട്ടത്തിലേക്ക് കടന്നതോടെ മാവേലിക്കരയിൽ ആവേശപ്പോരാട്ടം. ഇടതുമുന്നണിയ്ക്കായി ചെന്നിത്തലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചരണ പരിപാടിയായിരുന്നു എൽ.ഡി.എഫിന്റെ ഇന്നലത്തെ പ്രധാന പരിപാടി. കുടുംബയോഗങ്ങൾ, കൺവൻഷനുകൾ തുടങ്ങിയ കാമ്പയിനുകളും സജീവമായി. മണ്ഡലത്തിലെ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലായുളള പര്യടനത്തിരക്കിലാണ് ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. സി.എ അരുൺകുമാർ.

നെല്ലറയായ കുട്ടനാട്ടിൽ രണ്ടാംഘട്ട പര്യടനത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ്.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം നീലംപേരൂരിൽ ഉദ്ഘാടനം ചെയ്തു. കെ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. കർഷകരെ ദ്രോഹിക്കുന്ന സർക്കാർ ആണ് കേന്ദ്രത്തിലും കേരളത്തിലുമെന്ന്
കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്കും കേരളത്തിൽ യുഡിഎഫിനും മാത്രമേ കഴിയൂവെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
അമ്പതിലധികം കേന്ദ്രങ്ങളിലായി നൂറുകണക്കിന് പേർ സ്ഥാനാർഥിയെ സ്വീകരിച്ചു.ജങ്കാർ കടവിൽ പര്യടനം സമാപിച്ചു.
അഡ്വ.പ്രതാപൻ പറവേലി,പി.ടി. സ്കറിയ,പ്രമോദ് ചന്ദ്രൻ,ജെ.ടി.റാംസെ, ടിജിൻ ജോസഫ്,സജി ജോസഫ്, ജോസഫ് ചേക്കോടൻ,അഡ്വ. അനിൽ ബോസ്,അലക്സ് മാത്യു,തങ്കച്ചൻ വാഴച്ചിറ,കെ.പി.സുരേഷ്,ജോർജ് മാത്യു പഞ്ഞിമരം,സി.വി.രാജീവ്,സാബു തോട്ടുങ്കൽ,ബാബു വലിയവീടൻ,വിശ്വനാഥപിള്ള,സോണി കളത്തിൽ,പ്രൊഫ.രാജഗോപാൽ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ നിന്നായിരുന്നു എൻ.ഡി.എ സ്ഥാനാ‌ർത്ഥി ബൈജു കലാശാലയുടെ ഞായറാഴ്ചത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് മാവേലിക്കര നഗരസഭയിലും നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും മരണ വീടുകളിലും സന്ദർശനം നടത്തിയ ബൈജു കലാശാല ചാരുംമൂട് മേഖലയിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കും ജന സമ്പ‌ർക്കത്തിനുംശേഷം കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടന പരിപാടികളിൽ സംബന്ധിച്ചു.