ആലപ്പുഴ : രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക നാളെ മുതൽ തങ്ങളുടെ കൈകളിലേക്ക് എത്തുന്നതിന്റെ ആശ്വാസത്തിലാണ് ഗുണഭോക്താക്കൾ. രണ്ട് ഗഡു ഇപ്പോൾ ലഭിച്ചാലും നാല് മാസത്തെ തുക കുടിശ്ശികയാണ്. ഇതെന്ന് ലഭിക്കുമെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നു. വിഷുവും തിരഞ്ഞെടുപ്പും എത്തിയതോടെയാണ് രണ്ട് മാസത്തെ തുക മുൻകൂർ പ്രഖ്യാപിച്ച മുറയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്.
ഇതിനകം മരുന്നടക്കം വിവിധ ആവശ്യങ്ങൾക്കായി പലയിടങ്ങളിൽ നിന്ന് പണം കണ്ടെത്തിയവർക്ക്, ലഭിക്കുന്ന കുടിശ്ശിക തുക കടം വീട്ടാൻ പോലും തികയില്ല. മറ്റ് യാതൊരു വരുമാനവുമില്ലാതെ ക്ഷേമ പെൻഷനെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് ഗുണഭോക്താക്കളുണ്ട്. ഓരോ മാസത്തെയും ഗഡു മുടങ്ങുമ്പോൾ മരുന്ന് വാങ്ങാൻ പോലും പലരും പരുങ്ങലിലാവും. ഓരോ മാസവും പെൻഷൻ തുക മുന്നിൽ കണ്ടാണ് ഹൃദ്രോഗിയായ താൻ ചികിത്സ നടത്തുന്നതെന്ന് കുട്ടനാട് തലവടി സ്വദേശി വിശ്വംഭരൻ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന വിശ്വംഭരൻ അവിടെ ജനത്തിരക്ക് മൂലം കിടക്കാൻ പോലും സൗകര്യമിലാത്തതിനാൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സിക്കുന്നത്. മാസംതോറും ആയിരക്കണക്കിന് രൂപയുടെ മരുന്ന് ആവശ്യമാണ്. ചേർത്തല സ്വദേശികളായ ഭിന്നശേഷി സഹോദരിമാർ മാസങ്ങളായി സുമനസ്സുകളുടെ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.