
മാന്നാർ: ഈന്തപ്പഴവും തണ്ണിമത്തനും കഞ്ഞിയും ചായയുമെല്ലാം നിറഞ്ഞ മേശക്ക് മുന്നിൽ നോമ്പ് തുറക്കാൻ ബാങ്ക് വിളിക്കായി കാതോർത്ത് വിശ്വാസികളോടൊപ്പം മന്ത്രി പി.പ്രസാദും കാത്തിരുന്നു. മാന്നാർ പുത്തൻ പള്ളി ജുമാ മസ്ജിദിലെ സമൂഹ നോമ്പ് തുറയിലാണ് അപ്രതീക്ഷിതമായി കൃഷി മന്ത്രി പി.പ്രസാദ് കടന്നു വന്നത്. മാവേലിക്കര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നിത്തലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് നോമ്പുകാരനായ മന്ത്രി നോമ്പുതുറക്കാനായി മാന്നാർ ജുമാ മസ്ജിദിലെത്തിയത്. ജമാഅത്ത് സെക്രട്ടറി നവാസ് ജലാൽ, ട്രഷറർ കെ.എ.സലാം, ജോ.സെക്രട്ടറി അബ്ദുൽകരീം കടവിൽ, കമ്മിറ്റിയംഗങ്ങളായ സലിം മണപ്പുറത്ത്, ഷാജഹാൻ എം.എച്ച്, കെ.എ ഷാജി പടിപ്പുരയ്ക്കൽ, വെൽഫെയർ സമിതി സെക്രട്ടറി ബഷീർ പാലക്കീഴിൽ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. മുൻ ജമാഅത്ത് പ്രസിഡന്റുമാരായ എൻ.എ സുബൈർ, ടി.കെ ഷാജഹാൻ, എൻ.എ റഷീദ്, കൗൺസിൽ അംഗം അൻഷാദ് മാന്നാർ, സി.പി.ഐ മണ്ഡലംസെക്രട്ടറി ജി.ഹരികുമാർ, അസി.സെക്രട്ടറി അസി.സെക്രട്ടറി കെ.ആർ രജീഷ്, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, ഡൊമിനിക് ജോസഫ് എന്നിവരോടോപ്പമാണ് മന്ത്രി നോമ്പ് തുറന്നത്.