ആലപ്പുഴ: അവസാനഘട്ട പര്യടനത്തിലേക്ക് അടുക്കവേ ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പോർക്കളത്തിൽ അങ്കം മുറുകുന്നു. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പ്രചരണ രംഗത്ത് ഏറെക്കുറെ ഒപ്പത്തിനൊപ്പമെത്തിക്കഴിഞ്ഞു.

ദേവാലയ സന്ദർശനത്തോടെ ഇന്നലത്തെ പ്രചരണം ആരംഭിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ വിവിധ മേഖലകളിലെ വനിതകളുമായി സംവാദ പരിപാടി നടത്തി. വൈകിട്ട് ചേർത്തല നിയോജക മണ്ഡലത്തി​ൽ സ്ഥാനാർഥി പര്യടനം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി മണ്ഡലത്തിലെ സ്വീകരണ പരിപാടികളിലാണ് എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി അഡ്വ.എ.എം.ആരിഫ് ഇന്നലെ പങ്കെടുത്തത്. തൊടിയൂർ പഞ്ചായത്തിലെ ചാങ്ങര ജംഗ്ഷൻ, സൈക്കിൾ മുക്ക്, പാവുമ്പ, പഴവുരേത്ത് തുടങ്ങി വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്വീകരണം ഏറ്റുവാങ്ങി.

ഞായറാഴ്ച്ച രാത്രി അമുൃതപുരിയിലെത്തി മാതാ അമ‌ൃതാനന്ദമയിയെ സന്ദർശിച്ച എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ മുഹമ്മ കേന്ദ്രീകരിച്ചാണ് ഇന്നലെ പര്യടനം നടത്തിയത്. പോറ്റിക്കവലയ്ക്ക് സമീപം പറപ്പള്ളിൽ ശിവൻകുട്ടിയുടെ വസതിയിൽ പ്രഭാത ഭക്ഷണം കഴിച്ചു.
മുഹമ്മ മണ്ഡലം കൊക്കോതമംഗലം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കുമ്പേക്കാട്ട് കരിയിൽ പുതിയതായി പാർട്ടിയിലേക്ക് വന്ന ക്രിസ്ത്യൻ കുടുംബം അടക്കം 22 അംഗങ്ങളെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. പാണാവള്ളി മണ്ഡലത്തിൽ പെരുമ്പളം ദ്വീപിലേക്ക് ജങ്കാറിൽ വന്ന് വൻ സ്വീകരണം ഏറ്റുവാങ്ങി. പെരുമ്പളം എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിലെത്തി പൊതുയോഗത്തിൽ പങ്കെടുത്തു കൊണ്ടിരുന്നവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പെരുമ്പളം ദ്വീപിൽ രാത്രി റോഡ് ഷോയുമുണ്ടായിരുന്നു.