ambala

അമ്പലപ്പുഴ : അശാസ്ത്രീയമായ നിർമ്മാണ രീതികളെത്തുടർന്ന് പുറക്കാട്ട് ദേശീയപാത യാത്രക്കാർക്ക് മരണക്കെണിയാകുന്നു. 17ദിവസങ്ങൾക്കുള്ളി​ൽ ഒരു കുടുംബത്തി​ലെ മൂന്നുപേരടക്കം അഞ്ചു ജീവനുകളാണ് ഇവി​ടെ പൊലി​ഞ്ഞത്. ദേശീയപാത പുനർനി​ർമ്മാണത്തിന്റെ ഭാഗമായി​ ഉയർത്തുന്ന ഭാഗങ്ങളിലെ മണ്ണ് റോഡിലേക്ക് വീഴുന്നതും ഗ്രാവൽ റോഡരി​കി​ൽ കൂട്ടി​യി​ടുന്നതുമാണ് അപകടം വി​ളി​ച്ചുവരുത്തുന്നത്.

മാർച്ച് 22ന് സ്കൂട്ടറിൽ കാർ ഇടിച്ച്, സ്കൂട്ടർ യോത്രക്കാരും കെട്ടിട നിർമ്മാണ തൊഴിലാളികളുമായ 2 സുഹൃത്തുക്കൾ മരിച്ചിരുന്നു. തോട്ടപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ (55), പ്രസാദ് (54) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ബൈക്ക് യാത്രക്കാരായ ഒരു കുടുംബത്തിലെ 3 പേരും ഇതേ ഭാഗത്ത് അപകടത്തിൽ മരിച്ചു. പുറക്കാട് പുന്തല ആനന്ദേശ്വരം കളത്തിൽപ്പറമ്പ് വീട്ടിൽ സുദേവ് (43), ഭാര്യ വിനീത (36), മകൻ ആദി എസ് ദേവ് (12) എന്നിവരാണ് മരിച്ചത്. മുന്നി​ൽ പോയ സൈക്കി​ൾ ഇവർ സഞ്ചരി​ച്ച ബൈക്കി​ൽ തട്ടി​യതി​നെത്തുടർന്ന് നി​യന്ത്രണം വി​ട്ട് ബൈക്ക് മറി​ഞ്ഞ് മൂവരും റോഡി​ലേക്ക് തെറി​ച്ചു വീഴുകയായി​രുന്നു. റോഡരി​കിൽ ഗ്രാവൽ കൂട്ടിയിട്ടിരിക്കുന്നതിനാലാണ് ഇവർക്ക് ബൈക്ക് സൈഡിലേക്ക് ഒതുക്കാൻ കഴിയാതിരുന്നത്. ദേശീയപാതയിൽ കളർകോട് മുതൽ തോട്ടപ്പള്ളി വരെ പല ഭാഗത്തും ഇതേ സ്ഥിതിയാണുള്ളത്.

ഭീഷണിയായി ഗ്രാവൽ കൂനകൾ

 കളർകോട് മുതൽ തോട്ടപ്പള്ളി വരെ ഇരുചക്രവാഹനങ്ങൾ അപകടത്തി​ൽപ്പെടുന്നത് പതിവായി മാറി

 റോഡരി​കിലേക്ക് ബൈക്ക് ഒതുക്കി മാറ്റാനാൻ കഴി​യാത്തതാണ് അപകടങ്ങൾ വി​ളി​ച്ചുവരുത്തുന്നത്

 മഴ പെയ്യുമ്പോൾ റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഗ്രാവൽ മഴവെള്ളവുമായി കലർന്ന് റോഡിലേക്ക് ഒഴുകിയെത്തും

 ഇതേത്തുടർന്ന് ബൈക്കുകൾ തെന്നി​ നി​യന്ത്രണം വി​ട്ട് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്

വെങ്ങളിലെ റോഡുകൾ പൂർത്തിയാക്കി ദേശീയപാത നിർമ്മാണം നടത്തിയിരുന്നെങ്കിൽ പ്രദേശവാസികൾക്ക് ദേശീയപാതയിൽ കയറാതെ ഇതു വഴിയാത്ര ചെയ്യാൻ കഴിയുമായിരുന്നു. ദേശീയ പാതയിലെ പല സ്ഥലങ്ങളിലും അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്

- നാട്ടുകാർ