ambala

അമ്പലപ്പുഴ : സുദേവിന്റെയും വിനീതയുടെയും ആദിയുടെയും ജീവനറ്റ ശരീരങ്ങൾ വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്നതോടെ പുന്തല ഗ്രാമമൊന്നാകെ കരയുകയായിരുന്നു. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഇവർ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ആർക്കുമായില്ല.

ഞായറാഴ്ച രാവിലെ പുറക്കാട് എസ്.എൻ.എം സ്കൂളിനു സമീപം നടന്ന ബൈക്കപകടത്തിലാണ്, മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ പുന്തല ആനന്ദേശ്വരം കളത്തിൽപ്പറമ്പ് വീട്ടിൽ സുദേവ് (43), ഭാര്യ വിനീത (36), ഏകമകൻ ആദി എസ്.ദേവ് (12) എന്നിവർ മരിച്ചത്. അമ്പലപ്പുഴ ക്ഷേത്രദർശനത്തിനു പോയ കുടുംബം സഞ്ചരിച്ച ബൈക്ക് സൈക്കിളിൽ തട്ടി നിയന്ത്രണം വിടുകയും റോഡിലേക്ക് തെറിച്ചു വീണ സുദേവിന്റെയും വിനീതയുടെയും ശരീരത്തിലൂടെ എതിരെ വന്ന ടോറസ് കയറുകയുമായിരുന്നു. സുദേവ് സംഭവസ്ഥലത്ത് മരിച്ചു. തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റ ആദി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും വിനീത തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇന്നലെ രാവിലെ 11ഓടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൂവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂന്ന് ആംബുലൻസുകളിലായി എത്തിച്ച മൃതദേഹങ്ങൾ ആശുപത്രിയിലെ ഒ.പി കൗണ്ടറിന് സമീപം ഒരുക്കിയിരുന്ന മേശയിൽ പൊതുദർശനത്തിന് വച്ചപ്പോൾ സുദേവിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങളിൽ ജീവനക്കാർ നിറകണ്ണുകളോടെ അന്ത്യോപചാരമർപ്പിച്ചു. താത്കാലിക ജീവനക്കാരനായിരുന്നെങ്കിലും ഏവർക്കും പ്രിയപ്പെട്ടവനായിരുന്ന സുദേവിന്റെ വിയോഗം സഹിക്കാനാകാതെ ജീവനക്കാരിൽ പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു.

മൃതദേഹങ്ങൾ പിന്നീട് ആംബുലൻസുകളിൽ കയറ്റി പുന്തല ആനന്ദേശ്വരത്തെ കളത്തിൽപ്പറമ്പിൽ സുദേവ് സ്വന്തമായി വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്തെ കൂരയ്ക്ക് മുന്നിലൊരുക്കിയ പന്തലിൽ പൊതുദർശനത്തിനായി വച്ചു. ഇവിടെ ടിൻ ഷീറ്റടിച്ച ഷെഡിലായിരുന്നു ആറുമാസമായി സുദേവും കുടുംബവും താമസിച്ചു വന്നിരുന്നത്.

സുദേവിന്റെ മാതാവ് സൂനമ്മയുടെ അലമുറയിട്ട കരച്ചിൽ കണ്ടു നിന്നവർക്കും സഹിക്കാൻ കഴിയായതോടെ കൂട്ടക്കരച്ചിലായി മാറി. സുദേവിന്റെ അനുജൻ കണ്ണന്റെ മകൻ അഭിനവ്, സുദേവിന്റെ മൂന്നാമത്തെ സഹോദരൻ ശ്യാംകുമാർ, വിനീതയുടെ സഹോദരൻ വിനീഷിന്റെ മകൻ ദേവൻ എന്നിവരാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. പിന്നീട് മൃതദേഹങ്ങൾ തൊട്ടടുത്തുള്ള കുടുംബവീട്ടിലെത്തിച്ച് 3 പെട്ടികളിലാക്കി സംസ്ക്കാരം നടത്തി.

മന്ത്രി സജി ചെറിയാൻ, സ്ഥാനാർത്ഥികളായ ശോഭ സുരേന്ദ്രൻ, എ.എം.ആരിഫ്, എച്ച്.സലാം എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ,ഡയറക്ടർ ബോർഡ് അംഗം പി.വി.സാനു, കൗൺസിൽ അംഗങ്ങളായ കെ.ഭാസി, കെ.പി. ബൈജു തുടങ്ങി നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു.