
ആലപ്പുഴ: ബി.ജെ.പി ആലപ്പുഴ ജില്ല നേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയെന്ന വ്യാജവാർത്ത തന്നെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇനിയും ഇങ്ങനെയുണ്ടായാൽ വെറുതെയിരിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷയും ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭ സുരേന്ദ്രൻ പറഞ്ഞു.
പിറന്നാൾ ദിനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ണുകൾ ഈറനണിഞ്ഞ് വികാരാധീനയായാണ് ശോഭ പ്രതികരിച്ചത്. വാർത്ത നൽകിയ ചാനലിന്റെ ഉടമയ്ക്ക് വളരെ വേണ്ടപ്പെട്ടയാളായ തൃശൂർ സ്വദേശി ഞായറാഴ്ച രാത്രി തന്നെ കാണാനെത്തിയിരുന്നു. വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി സംസാരിക്കരുതെന്നായിരുന്നു ആവശ്യം. വെള്ളാപ്പള്ളിയെ കൈവിട്ട് കളിച്ചില്ലെങ്കിൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണം നൽകാമെന്നും പറഞ്ഞു. താൻ മൂന്നാം സ്ഥാനത്തെത്തുമെന്ന് പറയുന്ന ചാനൽ സർവേ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്ന് ശോഭ പറഞ്ഞു.
ഒമ്പത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒരു മുതലാളിയുടെയും അടുത്തുപോയി പ്രവർത്തനത്തിന് പണം ചോദിച്ചിട്ടില്ല. മുണ്ട് മുറുക്കി ഉടുത്താണ് ആലപ്പുഴയിൽ ത്രികോണ മത്സരസാഹചര്യം ഉണ്ടാക്കിയത്. ആലപ്പുഴയിൽ താൻ വിജയിക്കുമെന്ന് ബോദ്ധ്യം വന്നപ്പോഴാണ് എതിരായ നീക്കമെന്നും ഇതുമായി മുന്നോട്ടുപോയാൽ, വന്നത് ആരാണെന്നും ഏത് വാഹനത്തിലാണെന്നതുൾപ്പെടെ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു.
ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് പങ്കെടുത്ത നേതൃയോഗത്തിന് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തിയത്.
വെള്ളാപ്പള്ളിയെ എന്തിന് തള്ളിപ്പറയണം?
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മാത്രമല്ല, സുകുമാരൻ നായരെയും മാതാ അമൃതാനന്ദമയിയെയും കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫിനെയുമടക്കം വിവിധ മത,സമുദായങ്ങളുടെ പ്രതിനിധികളെ സ്ഥാനാർത്ഥിയായ ശേഷം കണ്ടിരുന്നു. ഇമാമുമാരും ബിഷപ്പുമാരുമായി സൗഹൃദമുണ്ട്. ജാതിക്കും മതത്തിനും അതീതമായി ബന്ധങ്ങളുള്ള എന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാക്കേണ്ട. പട്ടികവിഭാഗം മുതലുള്ളവരുടെ ഐക്യപ്പെടലാണ് ലക്ഷ്യമിടുന്നത്. ശ്രീനാരായണഗുരുവും കുമാരനാശാനും നയിച്ച വഴിയിലൂടെ മുന്നോട്ടുപോകുന്നയാളാണ് വെള്ളാപ്പള്ളി നടേശൻ. സമുദായസംഘടനയെ വളർത്താൻ ശ്രമിക്കുന്ന മനുഷ്യനെ താനെന്തിന് തള്ളിപ്പറയണമെന്ന് ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.