oorja

അമിത ഉപഭോഗത്തിൽ വെന്തുരുകി ഫ്യൂസുകളും ഫീഡറുകളും

ആലപ്പുഴ: കത്തുന്ന വേനലിൽ ചൂട് അസഹ്യമായി തുടരുന്നതിനിടെ അമിത വൈദ്യുതിഉപഭോഗം താങ്ങാനാകാതെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമറുകളിലെ ഫ്യൂസും സബ് സ്റ്റേഷനുകളിലെ ഫീഡറുകളും തകരാറിലാകുന്നത് പതിവായതോടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ മണിക്കൂറുകൾ നീളുന്ന വൈദ്യുതിതടസം പതിവായി.

ആലപ്പുഴ നഗരത്തിലും നാട്ടിൻ പുറങ്ങളിലുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അമ്പതിലധികം സ്ഥലങ്ങളിലാണ് വൈദ്യുതി തടസം നേരിട്ടത്. ചില സ്ഥലങ്ങളിൽ വൈദ്യുതി തടസം പരിഹരിക്കുന്നതിന് മണിക്കൂറുകൾ വൈകിയതോടെ ജനം ദുരിതത്തിലായി. വൈദ്യുതി തകരാർ വ്യാപാര, വ്യവസായ സ്ഥാപനങ്ങളെയും നിർമ്മാണ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. വൈദ്യുതിയുടെ അമിത ഉപഭോഗമാണ് തകരാറിന് കാരണമെന്നാണ് കെ.എസ്.ഇ.ബിയുടെ വെളിപ്പെടുത്തൽ.

വോൾട്ടേജ് വ്യതിയാനത്തോടെയുള്ള വൈദ്യുതിയുടെ വരവും പോക്കും വീടുകളിൽ ടി.വിയുടെ സെറ്റ് ഒഫ് ബോക്സുകളുടെ അഡോപ്റ്ററുകളും ഇൻവെർട്ടറും ഫ്രി‌ഡ്ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും തകരാറിലാകാൻ കാരണമായിട്ടുണ്ട്.

താങ്ങാനാകാതെ ട്രാൻസ്ഫോമറുകൾ

1.വീടുകളിൽ വൈകിട്ട് 6മുതൽ എ.സിയും എയർകൂളറും ഫാനുകളും ഉപയോഗിക്കുന്നത് കൂടിയതാണ് വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കൂട്ടുന്നത്

2.രാത്രിയിൽ മിക്ക വീടുകളിലും എല്ലാമുറികളിലും ലൈറ്റും ഫാനും ഉപയോഗിക്കുന്നതോടെ വൈദ്യുതി ഉപഭോഗം താങ്ങാനാകാതെ ട്രാൻസ് ഫോമറിലെ ഫ്യൂസും സബ് സ്റ്റേഷനുകളിലെ ഫീഡറുകളും തകരാറിലാകും

3.രാത്രിയിൽ കെ.എസ്.ഇ.ബി ഓഫീസുകളിൽ ഡ്യൂട്ടിയ്ക്ക് ഒന്നോ രണ്ടോ പേർമാത്രമേ ഉണ്ടാകൂ. തകരാറുകൾ വർദ്ധിക്കുന്നതോടെ എല്ലായിടത്തും ഓടിയെത്തി തകരാർ പരിഹരിക്കുന്നതിന് കാലതാമസമുണ്ടാകും

ഊർജകിരണുമായി കെ.എസ്.ഇ.ബി

വൈദ്യുതി ഉപഭോഗംകുറയ്ക്കാനും വൈദ്യുതി തടസം ഒഴിവാക്കാനുമായി ബോധവൽക്കരണത്തിനായി ഊർജ കിരൺ പദ്ധതിയുമായി കെ.എസ്.ഇ.ബി രംഗത്തെത്തി. വാഷിംഗ് മെഷീൻ, ഇസ്തിരിയിടൽ, പമ്പ് സെറ്റ് ഉപയോഗം ഇവ ഒഴിവാക്കാം. എ.സി അത്യാവശ്യമുള്ള മുറികളിലായി ചുരുക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കാം. വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും കഴിയുന്നിടത്തോളം ഒഴിവാക്കാനാണ് ബോധവൽക്കരണം.

വൈകുന്നേരങ്ങളിൽ കടകളുടെയും സ്ഥാപനങ്ങളുടെയും ബോർ‌ഡുകൾക്കുള്ള അനാവശ്യ ലൈറ്റിംഗും അലങ്കാര ബൾബുകളും അണയ്ക്കുകയും മോട്ടോറുകളുടെയും എ.സിയുടെയും ഉപയോഗം നിയന്ത്രിക്കുകയും ചെയ്താൽ ലോഡ് കുറച്ച് വൈദ്യുതി തടസം ഒഴിവാക്കാ

- കെ.എസ്.ഇ.ബി അധികൃതർ