ബുധനൂർ: ഗ്രാമസേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള 26-ാമത് ഹിന്ദു സംഗമത്തിന് ഇന്ന് സമാരംഭം കുറിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് ഭജൻ സന്ധ്യയോട് കൂടി ആരംഭിക്കുന്ന സമ്മേളനം ശിവഗിരി മഠം ചേർത്തല ശാഖാ അധിപൻ സ്വാമി പ്രബോധ തീർത്ത ഉദ്ഘാടനം ചെയ്യും. പരിഷത്ത് പ്രസിഡന്റ്‌ ദാമോദരൻ പിള്ള അദ്ധ്യക്ഷത വഹിക്കും. ചിന്മയ മിഷൻ ബ്രഹ്മചാരി സുധീർ ചൈതന്യ മുഖ്യ പ്രഭാഷണം നടത്തും. 11ന്‌ സമാപിക്കുന്ന സംഗമത്തിൽ എല്ലാ ദിവസവും വൈകിട്ട് 6ന് അദ്ധ്യാത്‌മിക പ്രഭാഷണം ,കുട്ടികളുടെ കലാ പരിപാടികൾ,മാതൃപൂജ, കർഷകരെ ആദരിക്കൽ, വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിക്കൽ എന്നിവയും ഹിന്ദു സംഗമത്തിൽ ഉണ്ടാകും. പരിഷത്ത് സെക്രട്ടറി എം.ആർ രാജേഷ്, ട്രഷറർ ഈശ്വരൻ നമ്പൂതിരി, എസ്.സനൂപ്, ടി.എ.തമ്പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.