ആലപ്പുഴ: പിറന്നാൾ ആഘോഷങ്ങൾ ക്ഷേത്രദർശനത്തിലൊതുക്കാമെന്ന് കരുതിയെങ്കിലും, അപ്രതീക്ഷിത ആഘോഷങ്ങൾ കൊണ്ട് ആഹ്ലാദകരവും, അതേസമയം വ്യാജവാർത്താ വിഷയത്തിൽ മനോവിഷമവും നിറഞ്ഞതായിരുന്നു ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ ഇന്നലത്തെ പ്രചരണ ദിനം. രാവിലെ മുതൽ കാർത്തികപ്പള്ളി മണ്ഡലത്തിൽ പ്രചരണത്തിനിറങ്ങാനായിരുന്നു മുൻധാരണ. എന്നാൽ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് മണ്ഡലത്തിലെത്തുന്നുവെന്ന വിവരം ലഭിച്ചത്. ഇതോടെ പരിപാടികൾ പലതും റദ്ദാക്കി.
രാവിലെ 8 മണി: കളർകോട്ടെ വീട്ടിൽ നിന്ന് തിരുമ്പാടി കൊച്ചുമുല്ലയ്ക്കൽ ക്ഷേത്രത്തിലെത്തി ദർശനം നടത്തി എണ്ണയും തിരിയും സമർപ്പിച്ചു. പാർട്ടി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് തിരുവമ്പാടി വിരാട് വിശ്വകർമ്മ ശ്രീമുത്താരമ്മൻ കോവിലിലെത്തിയ സ്ഥാനാർത്ഥിയെ ക്ഷേത്രം ഭാരവാഹികൾ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രത്തിൽ നെൽപ്പറയും നിറച്ച് പ്രാർത്ഥിച്ച് തിരികെ വീട്ടിലേക്ക്.
10.30: ദേശീയ നേതാവ് ബി.എൽ.സന്തോഷിനെ സ്വീകരിക്കാനായി നേതൃയോഗം തീരുമാനിക്കപ്പെട്ട ആലപ്പുഴ ഹോട്ടൽ റോയൽ പാർക്കിലേക്ക്. ഇതിനിടെ സ്വകാര്യ ചാനൽ സർവേകളിൽ തന്നെ പിന്നാക്കം തള്ളുന്നതിനെ വിലയ്ക്കെടുക്കുന്നില്ലെന്ന് ചാനലുകൾക്ക് മറുപടി. 10.40 മുതൽ 1 മണി വരെ മണ്ഡലംതല നേതൃയോഗത്തിൽ പങ്കെടുത്തു.
1 മണി: വാർത്താസമ്മേളനം. ജില്ലാ നേതൃയോഗത്തിനെതിരെ താൻ പരാതി നൽകിയതായി വന്ന ചാനൽ വാർത്തയിൽ വികാരപരമായി പ്രതികരിച്ചു. പതിവിൽ നിന്ന് ഏറെ വ്യത്യസ്തമായി കണ്ണുകൾ പലതവണ ഈറനണിഞ്ഞ് കരച്ചിലിന്റെ വക്കോളമെത്തി.
2 മണി: പുറക്കാട് വാഹനാപകടത്തിൽ മരിച്ച മൂന്നംഗ കുടുംബത്തിന് ആദരാഞ്ജലി ആർപ്പിക്കാൻ ആനന്ദേശ്വരത്തെ വീട്ടിലെത്തി. മരണപ്പെട്ട സുദേവിന്റെ വൃദ്ധയായ മാതാവിനെ ആശ്വസിപ്പിച്ചു.
3 മണി: ആറാട്ടുപുഴ കടപ്പുറത്ത് മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ സദ്യ. മത്സ്യത്തൊഴിലാളികൾ പിരിവിട്ട് വാങ്ങി പിറന്നാൾ കേക്ക് മുറിച്ച് ആഘോഷം
3.30 മുതൽ രാത്രി വരെ: തറയിൽക്കടവ്, മുതുകുളം, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി. തൃക്കുന്നപ്പുഴ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കാത്ത് നിന്ന പ്രവർത്തകരും സ്ത്രീകളും കുട്ടികളും ഏറെ ആഹ്ലാദത്തോടെ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഓരോ സ്വീകരണവേദികളിലും വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.